മലപ്പുറം: താനൂർ തൂവൽ തീരം ബീച്ചിൽ 2023 മേയ് ഏഴിന് നടന്ന ബോട്ട് അപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സംബന്ധിച്ചും അന്വേഷണ റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷന്റെ രണ്ടാംഘട്ട പൊതു തെളിവെടുപ്പും ഹിയറിംഗും തിരൂർ വാഗൺ ട്രാജഡി സ്മാരക ഹാളിൽ നടന്നു.

ജലാശയങ്ങളിൽ സർവീസ് നടത്തുന്ന ബോട്ടുകളിൽ ടോൾഫ്രീ നമ്പർ സംവിധാനം നടപ്പിലാക്കുക, തീരദേശങ്ങളിൽ സി.സി.ടി.വി. കാമറകൾ സ്ഥാപിക്കുക, വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന മേഖലകളിൽ പൊലീസിനെ വിന്യസിക്കുക, ജലാശയങ്ങളിലെ മണൽതിട്ടകളും എക്കലുകളും മരക്കുറ്റികളും നീക്കി യാത്ര അപകടരഹിതമാക്കുക, മത്സ്യ ബന്ധനത്തിനായി ഇട്ടിരിക്കുന്ന വലകൾ ബോട്ട് യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യം മുൻനിറുത്തി പഠനം നടത്താൻ ശുപാർശ ചെയ്യുക, പുതിയ ബോട്ടുകൾക്ക് നിലവിൽ നൽകിവരുന്ന ലൈസൻസി സമ്പ്രദായം കൂടുതൽ കർക്കശമാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ തെളിവെടുപ്പിൽ ഉയർന്നു. ഒമ്പതു പേർ ഹിയറിംഗിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
ജലഗതാഗത മേഖലയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് പരിഹാര മാർഗങ്ങൾ ശുപാർശ ചെയ്യുക, നിലവിലുള്ള ലൈസൻസിംഗ് എൻഫോഴ്സ്‌മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുൻകാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെളിവെടുപ്പ് നടന്ന് വരുന്നത്. ഇന്ന് അരീക്കോട് നടക്കുന്ന തെളിവെടുപ്പോടു കൂടി രണ്ടാംഘട്ടം സമാപിക്കും.

കമ്മീഷൻ അംഗങ്ങളായ കുസാറ്റ് ഷിപ് ബിൽഡിംഗ് ടെക്‌നോളജി വിഭാഗം റിട്ട. പ്രൊഫസർ ഡോ. കെ.പി. നാരായണൻ, കമ്മിഷൻ മെമ്പർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ. രമേഷ് കുമാർ, കോർട്ട് ഓഫീസർ റിട്ട. മുൻസിഫ് മജിസ്‌ട്രേറ്റ് ജി. ചന്ദ്രശേഖരൻ, കമ്മിഷൻ ജോയിന്റ് സെക്രട്ടറി ആർ. ശിവപ്രസാദ്, കമ്മിഷൻ അഭിഭാഷകൻ ടി.പി. രമേഷ്, ദേശീയപാത വിഭാഗം ഡെപ്യൂട്ടി കളക്ടർ ലിറ്റി ജോസഫ്, തിരൂർ തഹസിൽദാർ സി.കെ. ആഷിക്, നോഡൽ ഓഫീസറും തിരൂർ ഡെപ്യൂട്ടി തഹസിൽദാറുമായ റെജി എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു.