കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിന്റെ പുതിയ ഡയറക്ടറായി ഉത്തർപ്രദേശ് സ്വദേശിയായ മുകേഷ് യാദവ് ചുമതലയേറ്റു. ഹരിയാനയിലെ ഹിസാർ എയർപോർട്ടിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ജനറൽ മാനേജരായി പ്രവർത്തിച്ചിരുന്ന മുകേഷ് യാദവിനെ, നിലവിലെ ഡയറക്ടറായിരുന്ന മുനീർ മാടമ്പാട്ടിന്റെ നേതൃത്വത്തിലാണ് കരിപ്പൂരിൽ സ്വീകരിച്ചത്. കരിപ്പൂരിൽ വിമാനത്താവളം യാഥാർഥ്യമായതിനു ശേഷം ഡയറക്ടറുടെ ചുമതല വഹിച്ച ആദ്യത്തെ മലപ്പുറം ജില്ലക്കാരനായ മുനീർ മാടമ്പാട്ട് ഇന്നലെ ആൻഡമാനിലെ പോർട്ട് ബ്ലെയർ വിമാനത്താവളത്തിൽ ചുമതലയേറ്റു. അഞ്ച് മാസകാലയളവിലാണ് മുനീർ മാടമ്പാട്ട് കരിപ്പൂരിൽ ഡയറക്ടറായി സേവനം ചെയ്തത്.
കുറഞ്ഞ കാലയളവിൽ തന്നെ ആഭ്യന്തര സർവീസുകളുടെ എണ്ണം കൂട്ടൽ, സൗദി എയർലൈൻസിന്റെ തിരിച്ചുവരവ്, ഫ്‌ളൈ 91, ആകാശ എയർ വിമാനക്കമ്പനികളുടെ വരവ് തുടങ്ങിയ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ മുനീർ മാടമ്പാട്ടിന് വേഗത്തിലാക്കാൻ സാധിച്ചു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിച്ച കാലയളവിൽ ലഭിച്ച എല്ലാ സഹകരണത്തിനും പിന്തുണയ്ക്കും മുനീർ മടമ്പാട്ട് നന്ദി അറിയിച്ചു.

കരിപ്പൂർ വിമാനത്താവളത്തിന്റെ പുതിയ ഡയറക്ടറായി ചുമതലയേൽക്കാൻ കരിപ്പൂരിലെത്തിയ മുകേഷ് യാദവിനെ നിലവിലെ ഡയറക്ടർ മുനീർ മാടമ്പാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.