മലപ്പുറം: 2024 ആവർത്തിച്ചു, സംസ്ഥാന സ്കൂൾ കായികമേളയിൽ കഴിഞ്ഞ തവണ പാലക്കാടൻ കോട്ട തകർത്ത് മലപ്പുറം നേടിയ അത്ലറ്റിക്ക് ചാമ്പ്യൻപട്ടം ഇത്തവണയും വിട്ടുകൊടുത്തില്ല.
22 സ്വർണം ഉൾപ്പെടെ 247 പോയിന്റ് കരസ്ഥമാക്കിയാണ് ജില്ലയുടെ അത്ലറ്റിക്ക് കിരീടനേട്ടം. അത്ലറ്റിക്സിൽ ചാമ്പ്യൻ സ്കൂൾ പട്ടത്തിനായുള്ള പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം ഐഡിയൽ കടകശേരി ഇ.എച്ച്.എസ്.എസ് 78 പോയിന്റോടെ കിരീടം നിലനിറുത്തിയപ്പോൾ തുടർച്ചയായ നാലാം തവണയും നേടുന്ന വിജയമായി മാറി. 57 പോയിന്റുമായി തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് മൂന്നാമതെത്തിയപ്പോൾ മലപ്പുറത്തിന് വീണ്ടും മാറ്റുകൂടി.
സീനിയർ റിലേ മത്സരത്തിന് മുമ്പ് വരെ പാലക്കാടൻ കോട്ടയിലേക്ക് കിരീടം തിരികെ എത്തുമെന്ന് എല്ലാവരും മനസ്സിലുറപ്പിച്ചിരുന്നു. എന്നാൽ ട്രാക്കൊരുക്കിയ വിധി മലപ്പുറത്തിനൊപ്പം. അത്ലറ്റിക്കിലെ അവസാന പോരാട്ടമായ സീനിയർ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും റിലേയിൽ പാലക്കാടിനെ പിന്തള്ളി മലപ്പുറം കപ്പെടുത്തു.
ആൺകുട്ടികളുടെ വിഭാഗത്തിൽ മീറ്റ് റെക്കാഡോടെയാണ് മലപ്പുറം ചാമ്പ്യൻമാരായത്.
ഫോട്ടോ ഫിനിഷിലേക്കെന്ന് തോന്നിപ്പിച്ച അത്ലറ്റിക് മത്സരത്തിന്റെ അവസാനം 4x100 മീറ്റർ റിലേയിലെ ആധിപത്യം കൈയടി നേടിയെടുത്തു.
ഒരു മീറ്റർ റെക്കാഡ് അടക്കം മൂന്ന് സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്.
നൂറുശതമാനം ഐഡിയൽ
മൂന്ന് തവണ തുടർച്ചയായി നേടിയ അത്ലറ്റിക് കിരീടം നാലാം തവണയും വിട്ടുകൊടുക്കാതെ കടകശ്ശേരി ഐഡിയൽ സ്കൂൾ.
കായികവിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തിൽ ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, അസിസ്റ്റന്റ് കോച്ചുമാരായ ഹാരിസ് റഹ്മാൻ, കെ.പി.അഖിൽ, മുഹമ്മദ് ഹാസിൽ തുടങ്ങി ഒട്ടേറെ പരിശീലകരാണ് കുട്ടിക്കായിക താരങ്ങളെ ട്രാക്കിലെ സ്വപ്ന സമാനമായ പ്രകടനത്തിന് വാർത്തെടുത്തത്.
ഏഴ് സ്വർണവും ഒമ്പത് വെള്ളിയും എട്ട് വെങ്കലവുമാണ് ഐഡിയൽ നേടിയത്. ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 17 തവണയും കേരള സ്കൂൾ കായിക മേളയിൽ 18തവണയും ചാമ്പ്യൻപട്ടം നേടിയിട്ടുണ്ട്.
2007ലാണ് ഐഡിയൽ സ്പോർട്സ് അക്കാദമിക്ക് രൂപം നൽകിയത്. കൃത്യതയും ചിട്ടയുമാർന്ന പരിശീലനവും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അർപ്പണ മനോഭാവവുമാണ് വിജയ വഴികളിൽ തുണയായത്. മികച്ച കായിക ഉപകരണങ്ങളും ലഭ്യമാക്കി.
ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ചിട്ടയായ കരിക്കുലം ഇവിടെയുണ്ട്. എല്ലാ ക്ലാസുകളിലും ഓരോ മണിക്കൂർ വീതം കായിക പഠന ക്ലാസുകൾ 16 കായികാദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിങ് പൂൾ, ജിംനേഷ്യം സെന്റർ, ഓപ്പൺ ജിം ഏരിയ, അത്ലറ്റിക് ട്രാക്കുകൾ, ഫുട്ബാൾ ടർഫ്, ബാസ്കറ്റ് ബോൾ കോർട്ട് എന്നിവയെല്ലാം മികച്ച രീതിയിൽ സജ്ജമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനവും പരിശീലനവും നൽകി വരുന്നു.
വിലക്കില്ലാതെ എത്തി, നേടി മടങ്ങി
വിലക്കുകളൊഴിഞ്ഞ് പോരാട്ട വീര്യം ചോരാതെയാണ് തിരുന്നാവായ നാവാമുകുന്ദ സ്കൂളിലെ കായിക താരങ്ങൾ ഇത്തവണ സംസ്ഥാന കായിക മേളയിൽ ബൂട്ടണിഞ്ഞ് ട്രാക്കിലിറങ്ങിയത്.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തെത്തുടർന്ന് ഈ വർഷത്തെ മേളയിൽ നിന്ന് വിലക്കേർപ്പെടുത്തിയ സ്കൂളുകളിലൊന്ന് തിരുന്നാവായ നാവാമുകുന്ദ സ്കൂൾ ആയിരുന്നു. വിലക്കിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടി പിൻവലിക്കപ്പെട്ടത്.
മലപ്പുറം ജില്ലാ കായിക മേളയിൽ രണ്ടാം സ്ഥാനക്കാരായ നാവാമുകുന്ദ സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മൂന്നാം സ്ഥാനക്കാരായപ്പോൾ പോരാട്ടത്തിന്റെ വിജയം കൂടിയായി മാറി.
കഴിഞ്ഞ തവണ ദേശീയ സ്കൂൾ കായിക മേളയിൽ കേരളത്തിനായി സ്വർണം നേടിയ ആദിത്യ അജി അടക്കമുള്ളമുള്ള 25 കായിക താരങ്ങളാണ് നാവാമുകുന്ദയുടെ കരുത്ത് കാട്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.
മുഹമ്മദ് ഹർഷാദ്, കെ.ഗിരീഷ് എന്നിവരാണ് പരിശീലകർ.