തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെയും തിരഞ്ഞെടുപ്പ് റദ്ദാക്കലിനെയും കുറിച്ച് അന്വേഷണം നടത്തിയ കമ്മിറ്റി, റിപ്പോർട്ട് വൈസ് ചാൻസലർക്ക് സമർപ്പിച്ചു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഗൗരവമായ ക്രമക്കേടുകളും ഭരണപരമായ വീഴ്ചകളുമുണ്ടെന്ന് കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഐ.ഇ. ടി, ചെതലയം ഐ.ടി.എസ്.ആർ, തൃശൂർ ജെ.എം.സി എന്നീ സാറ്റലൈറ്റ് ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പും നിയമവിരുദ്ധമാണെന്ന് സമിതി കണ്ടെത്തി. ഇതോടെ ഈ തിരഞ്ഞെടുപ്പുകളും റദ്ദാക്കേണ്ടതായി വരും.
തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ബാലറ്റ് പേപ്പറുകൾ തിരഞ്ഞെടുപ്പ് നിയമാവലിയിൽ നിശ്ചയിച്ച മാതൃകയുമായി പൊരുത്തപ്പെടുന്നില്ല. ബാലറ്റ് പേപ്പറുകളിൽ സീരിയൽ നമ്പർ ചേർക്കാത്തത് ഗുരുതര പിഴവാണ്. കൗണ്ടർ ഫോയിലും ബാലറ്റ് പേപ്പറും തമ്മിൽ പൊരുത്തക്കേട് ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
റിട്ടേണിംഗ് ഓഫീസർമാരെ നിയമിച്ചതിൽ നിയമലംഘനങ്ങൾ സംഭവിച്ചതായും കമ്മിറ്റി കണ്ടെത്തി. സർവകലാശാല ബൈലോ അനുസരിച്ച് മുതിർന്ന അദ്ധ്യാപകർക്കാണ് ഈ ചുമതല നൽകേണ്ടതെങ്കിലും ചില കേന്ദ്രങ്ങളിൽ ജൂനിയർ അദ്ധ്യാപകരെയാണ് നിയമിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ 10ന് നടന്ന വോട്ടെണ്ണൽ സമയത്ത് ഉണ്ടായ അക്രമ സംഭവങ്ങളിൽ വിദ്യാർത്ഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ല. ഉദ്യോഗസ്ഥർ പരിശീലനം ലഭിച്ചവരല്ല. വോട്ടെടുപ്പിൽ റബ്ബർ സ്റ്റാമ്പ് ഉപയോഗിക്കാതെ കൈകൊണ്ട് അടയാളപ്പെടുത്തിയതും നിയമലംഘനമാണെന്നും കമ്മിറ്റി നിരീക്ഷിച്ചു. സർവകലാശാലയിലെയും കോളേജുകളിലെയും എല്ലാ ബാലറ്റ് പേപ്പറുകളും ഏകീകൃത മാതൃകയിൽ തയ്യാറാക്കണമെന്നും റിട്ടേണിംഗ് ഓഫീസർ സ്ഥാനത്ത് മുതിർന്ന അദ്ധ്യാപകരെ മാത്രം നിയമിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. വോട്ടെടുപ്പും വോട്ടെണ്ണലും വീഡിയോ റെക്കോർഡ് ചെയ്യണം. ബാലറ്റ് പേപ്പറിന്റെ അന്തിമ രൂപം സ്ഥാനാർത്ഥികൾക്ക് മുൻകൂട്ടി പരിശോധിക്കാനാവണം. വോട്ടെടുപ്പിൽ റബർ സ്റ്റാമ്പ് നിർബന്ധമാക്കണം.
തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ പരിഗണിക്കാൻ പ്രത്യേക പരാതി നിവാരണ സെൽ രൂപീകരിക്കണം. 2012ലെ തിരഞ്ഞെടുപ്പ് നിയമാവലി പരിഷ്‌കരിച്ച് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന് വ്യക്തമായ കോഡ് ഒഫ് കണ്ടക്ട് നടപ്പാക്കണം. ഓൺലൈൻ അല്ലെങ്കിൽ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം പരിഗണിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. സർവകലാശാലയിലെ സീനിയർ അദ്ധ്യാപകരായ ഡോ. സന്തോഷ് നമ്പി, ഡോ. എ.എം. വിനോദ് കുമാർ, ഡോ.എൻ. മുഹമ്മദലി, ഡോ. പ്രീതി കുറ്റിപ്പുലാക്കൽ, ഡോ. കെ.കെ. ഏലിയാസ് എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്.