
പ്രതികൂല കാലാവസ്ഥ, രൂക്ഷമായ വന്യമൃഗശല്യം, നെല്ല് സംഭരണത്തിലെ പാകപ്പിഴകൾ..... പ്രകൃതിയുടെ വെല്ലുവിളികളെയും സർക്കാർ വകുപ്പുകളുടെ നിസംഗതയെയും തരണം ചെയ്ത് കർഷകർ ഓരോ സീസണിലും മണ്ണിൽ അദ്ധ്വാനിച്ച് വിളവുണ്ടാക്കുമ്പോഴും അവരുടെ ജീവിതത്തിലെ പ്രതിസന്ധിയുടെ കാർമേഘം അകലുന്നില്ല. ഭാഗ്യവും നിർഭാഗ്യവുമൊക്കെ കൂടിക്കലർന്ന ഒരു ആനമയിലൊട്ടകം കളിയാണ് ഇന്ന് നെൽകൃഷി. കഴിഞ്ഞ രണ്ടാംവിള നെല്ല് സംഭരണത്തിൽ സപ്ലൈക്കോയ്ക്ക് നെല്ലളന്ന കർഷകർക്ക് തുക ഇനിയും ലഭിക്കാനുണ്ട്. ജില്ലയിൽ ചിറ്റൂർ, ആലത്തൂർ, പാലക്കാട് താലൂക്കുകളുടെ വിവിധയിടങ്ങളിൽ കൊയ്ത്ത് സജീവമായിട്ടും ഒന്നാംവിള നെല്ല് സംഭരണം നടപടികൾ ആരംഭിക്കാത്തതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. സർക്കാർ സംസ്ഥാനത്തെ കർഷകർക്ക് നൽകാനുള്ള തുക നൽകുന്നില്ലെന്ന് മാത്രമല്ല, ന്യായമായും ലഭിക്കേണ്ട ആനുകൂല്യത്തിൽ നിന്ന് വെട്ടിക്കുറയ്ക്കലും കൂടിയാകുമ്പോൾ മുമ്പെങ്ങുമില്ലാത്തവിധം സാമൂഹിക- സാമ്പത്തിക പ്രതിസന്ധിയിലാണ് കർഷകർ.
നെല്ല്- നാളികേര സംഭരണത്തിലെ അപാകതകൾ, ന്യായവില യഥാക്രമം ലഭ്യമാകാത്ത അവസ്ഥ, ജലസേചനം, വന്യമൃഗശല്യം തുടങ്ങി കാർഷിക മേഖലയിലെ പ്രതിസന്ധികൾ ഓരോന്നും ഒരാഴ്ച മുമ്പ് പാലക്കാട് ജില്ല സന്ദർശിച്ച കേന്ദ്ര വിദഗ്ദ്ധ സംഘത്തിന് മുന്നിൽ കർഷകർ വിവരിച്ചിരുന്നു. അനുഭാവപൂർവ്വം എല്ലാം പരിഗണിക്കാമെന്ന സംഘത്തിന്റെ ഉറപ്പിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കർഷകർ.
താങ്ങുവില
പുതുക്കി നിശ്ചയിക്കണം
സംസ്ഥാനത്താകെയും പ്രത്യേകിച്ച് പാലക്കാട് ജില്ലയിലെ നെൽകർഷകർ നേരിടുന്ന പ്രതിസന്ധികളുടെ പട്ടിക അനന്തമായി നീണ്ടുപോകുകയാണ്. ഇതിൽ ഏറ്റവും പ്രധാനം ഉത്പാദിപ്പിച്ച നെല്ലിന് കർഷകർക്ക് അർഹതപ്പെട്ട വിഹിതം സർക്കാർ സംവിധാനങ്ങൾ നൽകുന്നില്ലെന്നതാണ്.
കേന്ദ്രം ഏർപ്പെടുത്തിയ 23 രൂപ താങ്ങുവിലയ്‌ക്ക് പുറമേ 5.20 രൂപ പ്രോത്സാഹന ബോണസായി സർക്കാർ നൽകുന്നുണ്ട്. ഇതുകൂടി ചേർത്താണ് കർഷകർക്ക് 28.20 രൂപ ലഭിക്കുന്നത്.
അതായത് ഒരു ക്വിന്റൽ നെല്ലിന് 2300 രൂപയാണ് ലഭിക്കുക. കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിന് സപ്ലൈക്കോയ്ക്ക് കേന്ദ്രം ഈ തുക നൽകുമ്പോൾ സപ്ലൈക്കോ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയ്ക്ക് 68 കിലോ അരി കൊടുക്കുന്നുണ്ട്. ഒരു കിലോ പാലക്കാടൻ മട്ടയ്ക്ക് മാർക്കറ്റിൽ 50 രൂപയാണ് വില. അങ്ങനെയെങ്കിൽ 68 കിലോയ്ക്ക് 3400 രൂപ വരും. കർഷകന് നഷ്ടം 1217 രൂപ. ഇത് ഒരു ലോഡിനാകുമ്പോൾ 1.21 ലക്ഷം രൂപയാകും. ഇത് അടിയന്തരമായി പരിഹരിക്കണം. അരിവിലയുടെ തോതനുസരിച്ച് നെല്ലുവില കണക്കാക്കുകയും താങ്ങുവില നിശ്ചയിക്കുകയും വേണം. 35 രൂപയെങ്കിലും കേന്ദ്രത്തിന്റെ താങ്ങുവിലയായി ലഭിക്കണം. കൂടാതെ 9.52 രൂപ കേരളത്തിന്റെയും കൂടിയാകുമ്പോൾ 44.52 രൂപ കർഷകർക്ക് അർഹതപ്പെട്ടതാണ്, അത് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണം.
നദീജല കരാരിലും
നടപടിയുണ്ടാകണം
ജില്ലയിൽ മുതലമടയിൽ അഞ്ച് ഡാമുകളുണ്ടെങ്കിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. ഈ പഞ്ചായത്തിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് തമിഴ്നാട് നാലേകാൽ ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷിചെയ്യുന്നുണ്ട്. ഈ ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് ജില്ലയിലെ നെൽകർഷകർ ആവശ്യപ്പെടുന്നത്.
കേരളത്തിൽ കൃഷി ഒന്നേമുക്കാൽ ലക്ഷം ഹെക്ടർ മാത്രമാണ്. വേനലിൽ പലപ്പോഴും വാലറ്റ പ്രദേശത്ത് വെള്ളമെത്താറില്ല. അതിന് കനാലുകളുടെ നവീകരണം യഥാസമയം നടപ്പാക്കണം. കൂടാതെ അന്തർ സംസ്ഥാന നദീജല കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം നേടിയെടുക്കാൻ സർക്കാരും ഉദ്യോഗസ്ഥരും തയ്യാറാകണം. ആളിയാർ- പറമ്പിക്കുളം പദ്ധതി പ്രകാരം ന്യായമായും ലഭിക്കേണ്ട വെള്ളം കേരളത്തിന് ലഭിക്കാറില്ലെന്നാണ് റിപ്പോർട്ടുകൾ. കരാർ റിവ്യൂചെയ്യാതെ ഇപ്പോഴും പഴയ കരാർ തുടരുന്നതും ശരിയായ നടപടിയല്ല. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സർക്കാരിന് കഴിയണം. ഇതുകൂടാതെ കുരിയാർകുറ്റി കാരപാറ പദ്ധതി നടപടികൾ വേഗത്തിലാക്കണം.
നെല്ല്, നാളികേരം, മാവ്, വാഴ, പച്ചക്കറി കർഷകർ വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. കൂട്ടമായെത്തുന്ന കാട്ടാനകൾ വിളകൾ അപ്പാടെ നശിപ്പിക്കുന്നു. ഇതുകൂടാതെ പുലി, പന്നി, കുരങ്ങ്, മയിലുകൾ എന്നിങ്ങനെ പോകുന്നു പ്രതിസന്ധികൾ. സൗരോർജ വേലി, തൂക്കുവേലി എന്നിവ നിർമ്മിക്കുക. വനംവകുപ്പ്, ആർ.ആർ.ടി എന്നിവയുടെ മുഴുവൻ സമയ സേവനം ലഭ്യമാക്കുക എന്നിവയാണ് കർഷകർ സർക്കാരിനോട് ആവശ്യപ്പെടുന്നത്.
നഷ്ടപരിഹാരവും
താങ്ങുവിലയും
തെന്മല അടിവാരത്ത് മാത്രം നിലവിൽ 23 ഓളം കാട്ടാനകളുണ്ട്. ജനവാസമേഖലയിലെത്തി കൃഷി നശിപ്പിക്കുന്നതും പതിവാണ്. നെല്ലും തെങ്ങും വാഴയും ചക്കയും മാവും ഉൾപ്പെടെ നശിപ്പിക്കപ്പെടുന്ന വിളകൾക്ക് സർക്കാർ അനുവദിക്കുന്നതാകട്ടെ തുച്ഛമായ നഷ്ടപരിഹാരമാണ്.
ആന ഒരു തെങ്ങ് നശിപ്പിച്ചാൽ 750 രൂപയാണ് സർക്കാർ നൽകുന്നത്. ഒരു തെങ്ങിൻ തൈക്ക് നൽകണം 500 രൂപ. മൂന്നു മുതൽ അഞ്ചു വർഷമെടുക്കും അതിൽ നിന്ന് കായ്ഫലം ലഭിക്കാൻ. ഇതെല്ലാം പരിഗണിച്ച് തെങ്ങ് ഒന്നിന് 2500 രൂപയെങ്കിലും നഷ്ടപരിഹാരമായി നൽകണം. ഒരേക്കർ നെൽകൃഷി നശിച്ചാൽ 45,000 രൂപയെങ്കിലും കുറഞ്ഞ നഷ്ടപരിഹാരമായി ലഭ്യമാക്കണം. ഏത് വിളയായായും കർഷകന് ബാദ്ധ്യതയില്ലാത്ത വിധം നഷ്ടപരിഹാരം നൽകണം. ഇതുകൂടാതെ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുള്ള തീരുമാനവും ഊർജിതമായി നടപ്പാക്കണം. ഡോ.എം.എസ് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടനുസരിച്ച് താങ്ങുവില നിശ്ചയിക്കണം. അങ്ങനെയെങ്കിൽ 50 രൂപ ഒരു കിലോ നെല്ലിന് നൽകേണ്ടിവരും. അതിന് നിയമ സാധുത നൽകാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം.