നെന്മാറ: ഇഞ്ചി കൃഷിയിൽ ഫംഗസ് ബാധ മൂലം വിളനാശം വ്യാപകം. ഇഞ്ചി ചെടികളിൽ പതിവായി കണ്ടുവരുന്ന ദ്രുതവാട്ടം പോലുള്ള വൈറസ് രോഗങ്ങൾക്കും മൂട് ചീയലിനും പുറമേയാണ് ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്. രണ്ട് മാസം മുമ്പ് വയനാട്ടിൽ ഇഞ്ചിക്കൃഷിക്ക് വന്നതിനു സമാനമായി പാലക്കാട്ടും ഫംഗസ് ബാധ വ്യാപിക്കുന്നത് ഇഞ്ചി കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. പോത്തുണ്ടി അരിമ്പൂർപതിയിലെ ഷാജിയുടെ ഒന്നര ഏക്കർ പാടത്താണ് വ്യാപകമായി ഫംഗസ് രോഗം കണ്ടത്. കൃഷി വിദഗ്ധർ നിർദ്ദേശിച്ച ഫംഗസ് പ്രതിരോധ മരുന്നുകൾ പ്രയോഗിച്ചിട്ടും രോഗമുക്തമായില്ല. ഒരിക്കൽ തളിച്ച മരുന്ന് വീണ്ടും തളിച്ചാൽ ഫലവത്താവാത്തതിനാൽ പുതിയ മരുന്ന് തളിച്ച് പരീക്ഷിക്കുകയാണ് കർഷകർ. കഴിഞ്ഞ ഒരുമാസം വരെ രോഗബാധ പടരാതെ പിടിച്ചുനിന്നെങ്കിലും മഴയും വെയിലും മാറിമാറി വരുന്ന സാഹചര്യം ഉണ്ടായതോടെയാണ് രോഗ വ്യാപനം വർദ്ധിച്ചത്. കാലാവസ്ഥാ വ്യതിയാനം ആയിരിക്കാം രോഗ വ്യാപനത്തിന് കാരണമെന്ന് കൃഷി വിദഗ്ധർ പറയുന്നു. മണ്ണിൽ നിന്നുതന്നെ രൂപപ്പെടുന്ന ഫംഗസുകളാണ് രോഗകാരണം. രോഗം ബാധിച്ച വാരങ്ങളിലെ ഇഞ്ചിയുടെ ഓലകൾ പഴുത്ത് ഉണങ്ങിയ രീതിയിൽ ക്ഷയിച്ച സ്ഥിതിയിലാണുള്ളത്. ഇഞ്ചി കിഴങ്ങ് ഇറങ്ങി കൂടുതൽ ശാഖകൾ വളർന്ന് വളർച്ച എത്തേണ്ട സമയത്ത് വ്യാപിച്ച രോഗബാധ ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു. ഇനിയും മൂന്നുമാസം കൂടി മൂപ്പ് ശേഷിച്ചിരിക്കെയാണ് ഫംഗസ് രോഗബാധ തിരിച്ചടിയായത്. ഫംഗസ് ബാധ (കുമിൾ രോഗം) പ്രധാനമായും ഇലകളിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇത് മഞ്ഞ നിറത്തിലുള്ള പാടുകളായി കാണാം. തുടക്കത്തിൽ ഇളംപച്ചയോ കറുത്ത നിറമോ ഉള്ള പാടുകൾ ദൃശ്യമാകും. പിന്നീട് അവ വലുതാവുകയും ഇലകൾ ഉണങ്ങാൻ തുടങ്ങുകയും ചെയ്യും. രോഗം ഇലകളിൽ നിന്ന് തണ്ടുകളിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നത് രോഗം വ്യാപിക്കാൻ കാരണമാകും. രോഗം മൂർച്ഛിക്കുന്നതിനു മുൻപ് കുമിൾനാശിനി പ്രയോഗം നടത്തിയാൽ നിയന്ത്രിക്കാനാകുമെന്ന് കൃഷി വിദഗ്ധർ പറയുന്നു.