കഞ്ചിക്കോട്: വന്യജീവിശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നൽകിയ പരാതിയിൽ വനം വകുപ്പ് നടപടി തുടങ്ങി. ലഭിച്ച 81 പരാതികളിൽ 37 എണ്ണം പ്രാദേശികമായി തീർപ്പാക്കി. കുറച്ച് പരാതികൾ കൂടി പ്രാദേശികമായി തീർപ്പാക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനെ ന്റെ ഭാഗമായി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ പരാതി സ്വീകരിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതുശേരി പഞ്ചായത്ത് ഓഫീസിൽ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ച് വനം വകുപ്പ് പരാതികൾ സ്വീകരിച്ചത്. പഞ്ചായത്തുമായി സഹകരിച്ചാണ് പരാതികൾ തീർപ്പാക്കുന്നത്. പ്രാദേശികമായി തീർപ്പാക്കാൻ പറ്റാത്ത മറ്റു പരാതികൾ ജില്ലാ തലത്തിലേക്ക് കൈമാറും. കാട്ടുപന്നി ശല്യം സംബന്ധിച്ച പരാതികളിലാണ് കൂടുതലായും തീർപ്പുണ്ടാക്കിയത്. വനം വകുപ്പും പഞ്ചായത്തും ചേർന്ന് കാട്ടുപന്നികൾ വരുന്നത് തടയാൻ സംവിധാനം ഉണ്ടാക്കിയും പന്നികളെ നിയമാനുസൃതം വെടി വെച്ച് കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിച്ചുമാണ് പരാതികൾക്ക് തീർപ്പുണ്ടാക്കിയത്. ആനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന ഭാഗങ്ങളിലെ കാടു പിടിച്ച് കിടക്കുന്ന ചെടികൾ പരാതികളുടെ ഭാഗമായി വെട്ടിമാറ്റുകയും ചെയ്തു. ഉയരം കൂടിയ കാട്ടുചെടികൾ മറഞ്ഞ് ആനകൾ വന്ന് നിൽക്കുന്നത് കാണുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവ വെട്ടിമാറ്റിയത്. ജനവാസ മേഖലകളിലേക്കുള്ള ആനകളുടെ കടന്നുകയറ്റം, കൃഷി നാശം, കർഷകർക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ കിട്ടിയ പരാതികൾ ജില്ലാ തലത്തിലേക്ക് കൈമാറും. പ്രാദേശിക തലത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർന്നും വനം വകുപ്പിന്റെ സജീവ ഇടപെടൽ ഉണ്ടാകുമെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പ്രവീൺ കുമാർ പറഞ്ഞു.