train

ഭക്തജനങ്ങളും സ്വദേശ- വിദേശ വിനോദ സഞ്ചാരികളും ഒരുപോലെ യാത്ര പോകാൻ ആഗ്രഹിക്കുന്ന ഇടമാണ് രാമേശ്വരം. സാധാരണ മധുരയിൽ ട്രെയിനിറങ്ങി അവിടെ നിന്ന് കണക്ഷൻ ട്രെയിൻ പിടിച്ച് രാമേശ്വരത്തേക്ക് എത്തണം, അല്ലെങ്കിൽ ബസ് പിടിച്ച് രാമേശ്വരത്തിന് പോകുന്നതാണ് സാധാരണ രീതി. എന്നാൽ നീണ്ട 17വർഷത്തെ കാത്തിരിപ്പുകൾക്ക് വിരാമിട്ട്, പാലക്കാട്- പൊള്ളാച്ചി റെയിൽവേ ലൈനിലൂടെ വീണ്ടും രാമേശ്വരത്തേക്ക് ചൂളംവിളിച്ച് ട്രെയിൻ കുതിച്ചുതുടങ്ങി. തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് (16343/ 16344) രാമേശ്വരത്തേക്ക് സർവീസ് ആരംഭിച്ചതോടെ കേരളത്തിൽ നിന്നുള്ളവർക്ക് ഇനി രാമേശ്വരത്തേക്ക് നീണ്ട ഒരു ട്രെയിൻ യാത്രയിൽ നേരിട്ടെത്താം. രാമേശ്വരത്ത് പുതിയ പാമ്പൻ പാലം തുറന്നതോടെയാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടാൻ റെയിൽവേ തീരുമാനിച്ചത്. മധുരയ്ക്കും രാമേശ്വരത്തിനും ഇടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് അധികമായി വരുന്നത്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് എത്തും.

ദീപാവലി സമ്മാനം

കേരളത്തിൽ വന്ദേഭാരത്, സെമി ഹൈസ്പീഡ് ട്രെയിൻ, കെ റെയിൽ ചർച്ചകൾ സജീവമാകുമ്പോഴും കോടികൾ ചെലവഴിച്ച് മീറ്റർ ഗേജ് ബ്രോഡ് ഗേജാക്കിയും വൈദ്യുദീകരണവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടും പാലക്കാട്- പൊള്ളാച്ചി ലൈനിനോട് റെയിൽവേക്ക് കടുത്ത അവഗണനയായിരുന്നു. ബ്രോഡ്‌ ഗേജ് നിർമ്മാണം പൂർത്തിയായിട്ടും മുമ്പുണ്ടായിരുന്ന പല ട്രെയിൻ സർവീസുകളും റെയിൽവേ പുനഃസ്ഥാപിച്ചില്ല. പാലക്കാട്- പൊള്ളാച്ചി റൂട്ട് നഷ്ടത്തിലാണെന്നായിരുന്നു റെയിൽവേയുടെ വാദം. ഇതിന്റെ ഭാഗമായി ഈ റൂട്ടിലെ വടകന്നികാപുരം റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ നിറുത്തലാക്കി. ഇന്നിപ്പോൾ സ്ഥിതി മാറി, റെയിൽവേ മന്ത്രാലയത്തിന്റെ ദീപാവലി സമ്മാനമായാണ് അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടിയത്. 2008 ഡിസംബർ 10 നാണ് പാലക്കാട് നിന്നും രാമേശ്വരത്തേക്ക് മീറ്റർ ഗേജിലൂടെ അവസാനമായി ട്രെയിൻ സർവീസ് നടത്തിയത്. വരും ദിവസങ്ങളിൽ രാമേശ്വത്തിന്റെ ഭക്തിയിലലിഞ്ഞ വിനോദ സഞ്ചാര കാഴ്ചകൾ അനുഭവിച്ചറിയാനുള്ള സഞ്ചാരികളുടെ ഒഴുക്കായിരിക്കുമെന്ന് ഉറപ്പ്.

രാമനാഥസ്വാമി ക്ഷേത്രം

രാമേശ്വരത്ത് എത്തുന്ന തീർത്ഥാടകരെ ഏറ്റവുമധികം ആകർഷിക്കുന്നിടമാണ് രാമനാഥസ്വാമി ക്ഷേത്രം. ഇന്ത്യയിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത് ശിവ ഭഗവാനാണ്. താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശ്രീരാമൻ ഇവിടെ വച്ച് ശിവനോട് പ്രാർത്ഥിച്ചുവെന്നാണ് വിശ്വാസം. ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒന്നായും രാമനാഥസ്വാമി ക്ഷേത്രത്തെ പരിഗണിക്കുന്നു.

രാമസേതു

രാമേശ്വരത്തെ ശ്രീലങ്കയിലെ മാന്നാർ ദ്വീപുമായി ബന്ധിപ്പിക്കുന്ന സ്ഥലമാണ് രാമേശ്വരം. 48 കിലോമീറ്റർ നീളമുള്ള രാമസേതു പ്രകൃതിദത്ത ചുണ്ണാമ്പുകല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. രാമായണത്തിൽ രാമനും വാനര സൈന്യവും നിർമ്മിച്ച പാലമായാണ് രാമസേതുവിനെ പരാമർശിക്കുന്നത്. 1480 വരെ സമുദ്രനിരപ്പിന് മുകളിലായിരുന്നു രാമസേതു എന്നാണ് ക്ഷേത്രരേഖകൾ സൂചിപ്പിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ കാരണം കടലിൽ മുങ്ങിപ്പോയതായാണ് കണക്കാക്കുന്നത്. വിശ്വാസപരമായും ശാസ്ത്രീയമായും വിവിധ വിശദീകരണങ്ങൾ രാമസേതുവിനുണ്ട്. ലക്ഷക്കണക്കിനാളുകളാണ് പ്രതിവർഷം രാമസേതു കാണാൻ ഇവിടേക്ക് എത്തുന്നത്.

ധനുഷ്‌കോടി

പ്രേതനഗരം എന്ന വിശേഷണമുള്ള പ്രദേശമാണ് ധനുഷ്‌കോടി. 1964-ൽ രാമേശ്വരത്ത് വീശിയടിച്ച അതിശക്തമായ ചുഴലി കൊടുങ്കാറ്റിനെ തുടർന്ന് ഈ നഗരം പൂർണമായി തകർന്നു. ഇന്നും ഈ പ്രദേശത്ത് കാര്യമായ ജനവാസമില്ല. തമിഴ്നാടിന്റെ കിഴക്കൻ തീരത്ത് ഏകദേശം തെക്കോട്ടു മാറി മാന്നാർ ഉൾക്കടലിലേക്ക് നീണ്ടു കിടക്കുന്ന രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണിത്. ഇതിന് കിഴക്ക് ഭാഗത്ത് ബംഗാൾ ഉൾക്കടലും പടിഞ്ഞാറ് ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവുമാണ്. ധനുസിന്റെ അറ്റം എന്നാണ് ധനുഷ്‌കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെ നിന്നാണ് എന്നാണ് രാമായണത്തിൽ പറയുന്നത്.


ഡോ. എ.പി.ജെ അബ്ദുൾ കലാം മെമ്മോറിയൽ

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാമിന് വേണ്ടി സമർപ്പിച്ചിരിക്കുന്ന സ്മാരകമാണിത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് പെയ്കറുമ്പുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 2.11 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ സ്മാരകം 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. കലാമിന്റെ താത്പര്യങ്ങളും ഇഷ്ടങ്ങളും കണക്കിലെടുത്ത് ശ്രദ്ധാപൂർവമായ ആസൂത്രണത്തിലൂടെയാണ് സ്മാരകത്തിന്റെ രൂപകൽപ്പന. സ്മാരകത്തിന് പുറത്തുള്ള പൂന്തോട്ടം ഒരു മുഗൾ ഉദ്യാനത്തോട് സാമ്യമുള്ളതാണ്. ബംഗളൂരു, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന സസ്യങ്ങൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

പാമ്പൻപാലമെന്ന എൻജിനീയറിംഗ് വിസ്മയം

1870- കളിൽ ബ്രിട്ടീഷ് സർക്കാർ ശ്രീലങ്കയിലേക്കുള്ള വ്യാപാരബന്ധം വികസിപ്പിക്കാൻ തീരുമാനിച്ചപ്പോഴാണ് പാമ്പൻ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1914-ൽ നിർമ്മിതമായ പഴയ പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം അപകട മുന്നറിയിപ്പിനെ തുടർന്ന് 2022 ഡിസംബർ 23 മുതൽ നിറുത്തി വച്ചിരിക്കുകയായിരുന്നു.

നൂറ്റാണ്ടിലേറെ പഴക്കമുള്ള, രണ്ടു കിലോമീറ്റലധികം നീളമുള്ള പാമ്പൻ പാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടൽപാലമാണ്. കാലപ്പഴക്കത്താൽ അറ്റകുറ്റപ്പണികൾ അസാദ്ധ്യമായതോടെയാണ് പഴയ പാമ്പൻ പാലത്തിന് സമാന്തരമായി പുതിയ പാമ്പൻ പാലത്തിന്റെ പണി ആരംഭിച്ചത്. പാമ്പൻ പാലം നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച പാലമാണ്. 1915-ൽ തുറന്നുകൊടുത്ത ഈ പാലത്തിലൂടെയാണ് സിലോണിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രികർ പോയിരുന്നത്. ഇന്ന് രാമേശ്വരം വരെയാണ് ട്രെയിനെ ങ്കിൽ അന്ന് ധനുഷ്‌കോടി വരെ ട്രെയിൻ സർവീസുണ്ടായിരുന്നു. ധനുഷ്‌കോടിയിൽ നിന്ന് 16 കിലോമീറ്റർ മാത്രമാണ് ശ്രീലങ്കയിലേക്കുള്ള ദൂരം. എന്നാൽ 1964 ഡിസംബർ 22 നുണ്ടായ ചുഴലിക്കാറ്റ് ധനുഷ്‌കോടിയെ വീണ്ടെടുക്കാനാവാത്തവിധം കശക്കിയെറിഞ്ഞു. അന്ന് 115 യാത്രികരുള്ള ഒരു ട്രെയിൻ പോലും കടലെടുത്തു, പട്ടണവും റോഡും റെയിൽവേപ്പാളവും നശിച്ചു. പാമ്പൻ പാലത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും കപ്പലുകൾ വരുമ്പോൾ തുറക്കുന്ന ഭാഗത്തിന് തകരാറുണ്ടായില്ല. പ്രതീക്ഷിച്ചതിലും വേഗത്തിൽ 46 ദിവസം കൊണ്ട് പാമ്പൻ പാലത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്താണ് മെട്രോമാൻ ഇ. ശ്രീധരൻ ശ്രദ്ധേയനാവുന്നത്.1988- ൽ റെയിൽവേ ട്രാക്കിനു സമാന്തരമായി റോഡു വഴിയുള്ള പാലം വരുന്നതുവരെ രാമേശ്വരത്തുള്ളവർക്ക് വൻകരയുമായുള്ള ഏകബന്ധം ഈ പാമ്പൻ പാലമായിരുന്നു. ഇന്നും പാമ്പൻ പാലമെന്ന എൻജിനീയറിംഗ് വിസ്മയം രാമേശ്വരത്തും ധനുഷ്‌കോടിയിലും എത്തുന്നവരെ ആകർഷിക്കുന്നു.