krishnankutty

ചിറ്റൂർ: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. സമൂഹത്തിൽ ഇന്ന് മയക്കുമരുന്നിന്റെ ഉപയോഗം അപകടകരമായ നിലയിൽ വർധിച്ചുവരികയാണ്. കായിക പരിശീലനത്തിൽ ഏർപ്പെടുന്നത് വഴി ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചിന്തകളിൽ നിന്നും കുട്ടികളെയും യുവജനങ്ങളെയും അകറ്റാനാവുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു കോടി രൂപ വകയിരുത്തിയാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിൽ രണ്ടു കോടി രൂപ ഉപയോഗിച്ച് ഗ്രൗണ്ട് ഡെവലപ്‌മെന്റ്, ഡ്രയിൻ, ഫെൻസിംഗ്, റീട്ടൈനിങ് വാൾ, കോമ്പൗണ്ട് വാൾ, ഗേറ്റ് എന്നിവയുടെ നിർമ്മാണമാണ് പൂർത്തിയാക്കുക. സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ.വി.മുരുകദാസ് മുഖ്യാതിഥിയായി. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത അദ്ധ്യക്ഷയായി. എസ്.കെ.എഫ്.എ എക്സിക്യുട്ടീവ് എൻജിനീയർ എ.പി.എം.മുഹമ്മദ് അഷ്റഫ് പദ്ധതി വിശദീകരിച്ചു. എം.ശിവകുമാർ, മുഹമ്മദ് സലിം, കെ.സുമതി, എസ്.ബിന്ദു, ജയ്സൺ ഹിലാരിയോസ്, ടി.രാജു എന്നിവർ പങ്കെടുത്തു.