
പാലക്കാട്: തൃക്കടീരി ഗ്രാമ പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി നടത്തിയ ജിഐഎസ് മാപ്പിങ് പൂർത്തീകരിച്ചു. ഇതോടെ ജില്ലയിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ ജി.ഐ.എസ് മാപ്പിങ് പൂർത്തീകരിച്ച ആദ്യ ഗ്രാമ പഞ്ചായത്തായി തൃക്കടീരി. ജി.ഐ.എസ് മാപ്പിങ് വഴി ലഭിച്ച വിവരങ്ങൾ ലഭ്യമാവുന്ന വെബ്പോർട്ടലും ഗ്രാമപഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. ഈ വെബ് പോർട്ടൽ വഴി കെട്ടിടങ്ങൾ, റോഡുകൾ, തണ്ണീർത്തടങ്ങൾ, തരിശ് ഭൂമികൾ, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ മുഴുവൻ വസ്തുക്കളുടെയും വിവരങ്ങൾ ചിത്രങ്ങൾ ഉൾപ്പടെ വെബ്പോർട്ടലിൽ ലഭിക്കും. ഡ്രോൺ സർവ്വേ, ഡി.ജി.പി.എസ് സർവെ, ജി.പി.എസ് സർവെ, പ്രത്യേക മൊബൈൽ ആപ്പിന്റെ സഹായത്തോടെയുള്ള കെട്ടിട സർവെ തുടങ്ങിയ വിവിധ സർവെകളിലൂടെ ഗ്രാമ പഞ്ചായത്തിന്റെ മുഴുവൻ വിവരങ്ങളും ലഭിക്കും. കൂടാതെ വിവിധ കാലഘട്ടങ്ങളിലെ ഭൂവിനിയോഗ വിവരങ്ങൾ, വിവിധ ആസൂത്രണ സംബന്ധിയായ വിവരങ്ങൾ, യൂട്ടിലിറ്റി നെറ്റ്വർക്കുകൾ എന്നിവയെല്ലാം വെബ്പോർട്ടലിൽ ലഭ്യമാണ്. ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും തങ്ങൾക്കാവശ്യമുള്ള സ്ഥലങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്യാനും ആവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കാനും ഗ്രാമ പഞ്ചായത്തിന്റെ വളർച്ചയുടെ പ്രവണതകൾ മനസിലാക്കി ആസൂത്രണം സാധ്യമാക്കാനും ഇതിലൂടെ കഴിയും.