ശേഷിച്ച 6008 കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നു മോചിപ്പിച്ചു
പാലക്കാട്: കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമ്പോൾ പാലക്കാട് ജില്ലയ്ക്കും അഭിമാന നേട്ടം. ജില്ലയിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ 100 ശതമാനം പൂർത്തിയായി. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടിരുന്ന ജില്ലയിലെ 6008 കുടുംബാംഗങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചു. ഇവർക്കായി പ്രത്യേകം മൈക്രോ പ്ലാനുകൾ തയ്യാറാക്കി തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾ നടപ്പിലാക്കിയത്. 2021ൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സർവെ നടത്തിയാണ് ഗുണഭോക്താക്കളുടെ ആദ്യ പട്ടിക തയ്യാറാക്കിയത്. പ്രാരംഭ സർവെയിൽ 6443 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. മരണപ്പെട്ടവർ, കുടിയേറിയവർ, ഇരട്ടിപ്പ് വന്നവർ തുടങ്ങിയവരെ ഒഴിവാക്കിയ ശേഷം 6008 പേരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്. ഇവരെ അതിദാരിദ്ര്യത്തിൽ നിന്നു മോചിപ്പിക്കുകയെന്ന ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയത്.
ഭക്ഷണം, ആരോഗ്യ സംരക്ഷണം, വരുമാനം, പാർപ്പിടം എന്നീ നാല് ക്ലേശ ഘടകങ്ങൾ തിരിച്ചറിഞ്ഞ് ഓരോ കുടുംബത്തിനും ആവശ്യമായ സേവനങ്ങൾ ഉൾപ്പെടുത്തി 'മൈക്രോ പ്ലാൻ' തയ്യാറാക്കിയാണ് പദ്ധതി മുന്നോട്ടു പോയത്. ഭൂരഹിതരായ കുടുംബങ്ങൾക്ക് റവന്യൂ ഭൂമിയും നൽകി. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട, ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിച്ച 1357 പേർക്ക് മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളിൽ ഭക്ഷണവും ഭക്ഷ്യ കിറ്റുകളും കൃത്യമായി എത്തിച്ചു നൽകുന്നു. ആരോഗ്യ സംരക്ഷണം ക്ലേശ ഘടകമായി തിരഞ്ഞെടുത്ത 1467 കുടുംബങ്ങൾക്ക് മരുന്ന് നൽകി ആവശ്യമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. 501 പേർക്ക് പാലിയേറ്റീവ് ചികിത്സ ലഭ്യമാക്കി.
വരുമാനം ആവശ്യമുള്ള 392 ഗുണഭോക്താക്കൾക്ക് ഉജ്ജീവനം/കുടുംബശ്രീ പദ്ധതികളിലൂടെ തൊഴിൽ ലഭ്യമാക്കി വരുമാനം ഉറപ്പാക്കി. ഇത് അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് സഹായിച്ചു. സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി 440 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ഭൂരഹിതരായ 44 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഭാഗമായി റവന്യൂ ഭൂമി നല്കിയത്. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ആവശ്യമായ വോട്ടർ ഐ.ഡി, റേഷൻ കാർഡ്, ആധാർ കാർഡ്എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഇത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സഹായകമായി.