ഏഴംകുളം : കെ.പി റോഡിലെ ഏഴംകുളം ജംഗ്ഷനിലെ കുഴിക്ക് ശാപമോക്ഷമില്ല. പൊതുമരാമത്ത് വകുപ്പ് മാസങ്ങളായി നടത്തുന്ന കുഴിയടയ്ക്കൽ തുടരുന്നതല്ലാതെ യാതൊരു ഗുണവുമില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് കുഴി വീണ്ടും അപകടാവസ്ഥയിലായതോടെയാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തിങ്കളാഴ്ച മെറ്റിലുമായെത്തി കുഴി മൂടിയത്. എന്നാൽ ഇവർ പോയതിനു പിന്നാലെ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ തന്നെ കുഴിയടക്കാൻ ഉപയോഗിച്ച മെറ്റിലുകൾ ഉൾപ്പെടെ നാലു പാടും ചിതറി. ഇപ്പോൾ കുഴിക്ക് സമീപം മാത്രമല്ല റോഡിലാകെ കൂർത്ത മെറ്റിലുകൾ ചിതറി കിടക്കുന്ന സ്ഥിതിയാണ്. ഇതുകാരണം വേഗതയിൽ വരുന്ന ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. ഈ കുഴിയിൽ ചാടി ഒരു മാസം മുൻപ് ചരക്കുമായി വന്ന വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞു പോയ സംഭവവുമുണ്ടായിട്ടുണ്ട് .കെ പി റോഡിലെ നവീകരണം സംബന്ധിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് തികഞ്ഞ അലംഭാവമാണുള്ളത് .കെ.പി റോഡിലെ പ്രധാന നാൽക്കവലകളിലൊന്നാണ് ഏഴംകുളം ജംഗ്ഷൻ. ഏതു സമയവും നാലു പാടു നിന്നും വാഹനങ്ങൾ ഈ റോഡിലൂടെ കടന്നു പോകുന്നുണ്ട് .അതുകൊണ്ട് തന്നെ അപകട സാദ്ധ്യതയും വർദ്ധിക്കുകയാണ്. ക്വാറി മിശ്രിതവും മെറ്റിലും കൊണ്ടിട്ട് കുഴി അടയ്ക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.