14
മുലപ്പടവ് സ്വദേശിയായ ആർട്ടിസ്റ്റ് എം.വി. മുരുകേശിന് 53 വർഷമായി നെഞ്ചോട് ചേർത്തുവെച്ചിരിക്കുന്ന ഒരു അമൂല്യ നിധികൾ

ചെങ്ങന്നൂർ: മുലപ്പടവ് സ്വദേശിയായ ആർട്ടിസ്റ്റ് എം.വി. മുരുകേശിന് 53 വർഷമായി നെഞ്ചോട് ചേർത്തുവച്ചിരിക്കുന്ന ഒരു അമൂല്യ നിധി ഉണ്ട് . തന്റെ ആദ്യക്ഷരം കുറിച്ച എഴുത്തോല. വിദ്യാരംഭ ദിനത്തിൽ കുറിച്ച ആ ഓല ഇന്നും മുരുകേശിന് വെറും ഓർമ്മയല്ല, ജീവന്റെ കരുത്താണ്. മൂന്നാം വയസിൽ ഗുരുകുലത്തിൽ ആശാട്ടി കുറിപ്പിച്ച ആദ്യക്ഷരങ്ങൾ ഇന്നും ഓലയിൽ തെളിഞ്ഞു നില്ക്കുന്നു. വർഷം തോറും നവരാത്രിദിനങ്ങളിൽ എഴുത്തോല പുറത്തെടുത്ത് പച്ചിലച്ചാർ കൊണ്ട് അക്ഷരങ്ങൾ തെളിച്ച് അത് വീണ്ടും ജീവൻ പകരുന്നു. ഇന്നത്തെ തലമുറയ്ക്ക് അപൂർവമായ ഈ ഓല, 60 സെന്റിമീറ്റർ നീളവും രണ്ടിഞ്ച് വീതിയുമാണ് ഉള്ളത്. കാലത്തിനൊത്ത് പഴക്കം ചെന്നിട്ടും അതിന്റെ വില കൈവിട്ടിട്ടില്ല. എഴുത്തോല മാത്രമല്ല വിദേശ നാണയങ്ങൾ, സ്റ്റാമ്പുകൾ, കറൻസി, ബോട്ടിലുകൾ, പാഴ്വസ്തുക്കളിൽ നിന്നും ഉണ്ടാക്കിയ കലാരൂപങ്ങൾ എല്ലാം അദ്ദേഹം സൂക്ഷിക്കുന്നു. ഇവയെല്ലാം പൊതുവേദിയിൽ പ്രദർശിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഒരു വർഷം മുമ്പുണ്ടായ അപകടമാണ് മുരുകേശിന്റെ ജീവിതത്തിൽ വലിയ തിരിച്ചടിയായത്. ശരീരത്തിന്റെ ഒരു വശം തളർന്നപ്പോൾ, പലർക്കും വഴിമുടങ്ങിയേക്കുമായിരുന്നിടത്ത് മുരുകേശ് കലയുടെ കരുത്തിൽ വീണ്ടും ഉയിർത്തെഴുന്നേറ്റു. ചിത്രകല അദ്ധ്യാപകനായും, പരസ്യകലാരംഗത്തും, ചെറുചലച്ചിത്രങ്ങളിലും അദ്ദേഹം വീണ്ടും സജീവമായി. ഭാര്യ വിജയലക്ഷ്മി, ഗവേഷണവിദ്യാർത്ഥിയായ മകൻ മിഥുൻ, കോളേജ് വിദ്യാർത്ഥിയായ ഇളയ മകൻ സംഗീത്. ഇവർ എല്ലാവരും അദ്ദേഹത്തിന്റെ കരുത്തും പ്രചോദനവുമാണ്. കഴിഞ്ഞ വിജയദശമി ദിനത്തിൽ കുട്ടികൾക്ക് കലയുടെ പാഠങ്ങൾ നൽകി തന്റെ ജീവിതവും വീണ്ടും വർണ്ണച്ചായങ്ങളിൽ നിറച്ച് മുന്നേറുകയാണ് മുരുകേശ്. പഴയ എഴുത്തോലയിൽ നിന്ന് പുതിയ ജീവിതത്തിലേക്ക് അദ്ദേഹം വരച്ചെടുത്ത യാത്ര ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണ്.