പത്തനംതിട്ട : തിരുവല്ല - കുമ്പഴറോഡിൽ ടാറിംഗ് കാണാനില്ലാത്ത സ്ഥിതി. നാട്ടുകാരുടെ നടുവൊടിയുന്നതും,​ വാഹനങ്ങൾക്ക് തകരാർ സംഭവിക്കുമ്പോഴും അധികൃതർ ഇതൊന്നും കണ്ട മട്ടില്ല. അപ്രതീക്ഷിതമായുള്ള കുഴിയും കലുങ്ക് നിർമ്മാണവും യാത്രക്കാരെ ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്. മഴശക്തിപ്രാപിച്ചാൽ ചെളിയും ചൂടായാൽ പൊടിയുമാണ്. ഇതിനിടയിൽ വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്. തിരുവല്ല മുതൽ ഇരവിപേരൂർ വരെ റോഡും കലുങ്കും നിർമ്മാണം നടക്കുന്നുണ്ട്. കുമ്പഴ വരെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒരു തവണ റോഡിന്റെ കുഴികൾ അടച്ചെങ്കിലും മഴ പെയ്ത് എല്ലാം ഒലിച്ചുപോയ നിലയിലാണ്. വീണ്ടും റോഡിലെ കുഴിയുടെ ഭാഗം മാത്രം ടാർ ചെയ്യുകയാണിപ്പോൾ. റീ ടാറിംഗിൽ റോഡിൽ നിന്ന് അഞ്ച് സെന്റീ മീറ്റർ ഉയരത്തിലാണ് പുതിയ ടാറിംഗ്. മുപ്പത്തഞ്ചോളം വിവിധ ഇടറോഡുകളും വന്നു ചേരുന്നുണ്ട്. ടി.കെ റോഡിൽ. ഫാസ്റ്റ്, സൂപ്പർ, ഡീലക്‌സ് ബസുകൾ കടന്ന് പോകുന്ന റോഡാണിത്. ഇരവിപേരൂർ, കുമ്പനാട്, പുല്ലാട്, തോട്ടപ്പുഴശേരി, കോഴഞ്ചേരി, ഇലന്തൂർ, വാര്യാപുരം സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ എന്നിവിടങ്ങളിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്.

കെണിയായി രാത്രിയാത്ര

ടി.കെ റോഡിലൂടെയുള്ള രാത്രിയാത്ര അപകടം വിളിച്ചു വരുത്തുന്ന സ്ഥിതിയാണ്. ചെറിയ മഴ പെയ്താൽ റോഡിലെ കുഴികൾ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയാണ്. തെരുവ് വിളക്കുകളും പലയിടങ്ങളിലും പ്രകാശിക്കുന്നില്ല. ഇതുകാരണം കുഴി അടുത്തെത്തിയതിന് ശേഷമേ ഡ്രൈവർമാർക്ക് കാണാൻ സാധിക്കൂ. വലിയ, ചെറിയ കുഴികൾ ഇടകലർന്ന് കിടക്കുന്നതിനാൽ അപകടമേറെയാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പിടൽ നിർമ്മാണവും ഇതിനിടയിൽ നടക്കുന്നുണ്ട്.

.......................................................

തെരുവ് വിളക്കുകൾ റോഡിന്റെ പല ഭാഗത്തും പ്രകാശിക്കുന്നില്ല. വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെടും . ചിലത് ഓഫായി പോകും. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കണം.

(അനിൽ പുല്ലാട്)