അടൂർ : കെ.എസ്. ആർ. ടി. സി അധികൃതരുടെ അനാസ്ഥ മൂലം യാത്രക്കാരിക്കുണ്ടായ ബുദ്ധിമുട്ടിന് നഷ്ടപരിഹാരമായി 82555 രൂപ നൽകണമെന്ന് ഉപഭോക്ത തർക്ക പരിഹാര കമ്മിഷൻ. ഏറത്ത് സ്വദേശിയും അദ്ധ്യാപികയുമായ പി. പ്രിയയുടെ പരാതിയെ തുടർന്നാണ് നടപടി. 7 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി. .2018 ആഗസ്റ്റ് 2 ന് മൈസൂരുവിൽ ഗവേഷണ ആവശ്യത്തിനായി പി.എച്ച്. ഡി ഗൈഡിനെ കാണാൻ പോകാൻ പ്രിയ, കൊട്ടാരക്കര കെ, എസ്, ആർ, ടി, സി ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന സ്‌കാനിയ ബസിൽ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു. ബസിൽ പോകുവാൻ വേണ്ടി ആഗസ്റ്റ് 1 ന് വൈകിട്ട് 5 മണിയോടെ കൊട്ടാരക്കര ഡിപ്പോയിലെത്തി. . രാത്രി 9 മണിയോടെ ബസ് റദ്ദാക്കിയെന്ന് ഡിപ്പോയിൽ നിന്ന് അറിയിച്ചു. ഇതുമൂലം മൈസുരിലേക്ക് പോകാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. നഷ്ടപരിഹാരം നൽകാൻ തയ്യാറാകാതിരുന്ന കെ. എസ്. ആർ .ടി .സി എം .ഡിയെ അറസ്റ്റ് ചെയ്തു കമ്മിഷനിൽ ഹാജരാക്കാൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നഷ്ടപരിഹാരം നൽകാമെന്ന് അറിയിക്കുകയായിരുന്നു. ബേബിച്ചൻ വെച്ചൂച്ചിറ, നിഷാദ് തങ്കപ്പൻ എന്നിവരുടേതായിരുന്നു വിധി. കരിക്കോട് ശിവറാം എൻ.എസ് .എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും അടൂർ ഏറത്ത് പ്രിയ നിവാസിൽ രതീഷ് കുമാർ പി യുടെ ഭാര്യയുമാണ് പ്രിയ.