പന്തളം: ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയിലുള്ളവർക്കായി ആരംഭിച്ച ജില്ലയിലെ ആദ്യത്തെ ഭവന സമുച്ചയത്തിന്റെ പണി ഇഴയുന്നു.
പന്തളം നഗരസഭയിലെ ഗുണഭോക്തൃ പട്ടികയിലെ 30 കുടുംബങ്ങൾക്കും പട്ടികജാതിവകുപ്പ് നൽകിയ ഭൂരഹിതഭവനരഹിതരുടെ പട്ടികയിലെ 44 കുടുംബങ്ങൾക്കും വേണ്ടിയാണ് കെട്ടിടം നിർമ്മിക്കുന്നത്.പന്തളം നഗരസഭയുടെ 72.5 സന്റ് സ്ഥലത്താണ് ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയ നിർമ്മാണം.
2020 ആഗസ്റ്റിലാണ് മുടിയൂർക്കോണത്ത് രണ്ട് ഫ്ളാറ്റുകളുടെ പണി തുടങ്ങിയത്. ഒരു ഫ്ളാറ്റിന്റെ ഭിത്തികൾ, തറയുടെ വാർപ്പ്, വയറിംഗ്, പ്ലംബിംഗ് , ശൗചാലയത്തിന്റെ ടാങ്കുകൾ, ട്രാൻസ്ഫോർമർ തുടങ്ങിയവയുടെ പണിയാണ് പൂർത്തിയാകാനുള്ളത്. ഇതിനായി ടെൻഡർ നട
ക്കേണ്ടതുണ്ട്. സമീപത്തായുള്ള രണ്ടാമത്തെ കെട്ടിട സമുച്ചയത്തിന്റെ പണിയും എങ്ങുമെത്തിയിട്ടില്ല. 6,56,90,000 രൂപയാണ് ഇതിന്റെ അടങ്കൽ ചെലവ്. ഒരു ടവറിൽ 32 ഫ്ളാറ്റുകളും രണ്ടാമത്തെ ടവറിൽ 12 ഫ്ളാറ്റുകളുമടക്കം 44 കുടുംബങ്ങൾക്കാണ് ഇവിടെ താമസ സൗകര്യം ഒരുക്കുന്നത്. ഒരു ഫ്ളാറ്റിന്റെ തറ വിസ്തീർണം 500 ചതുരശ്ര അടിയാണ്. രണ്ട് കിടപ്പുമുറികളും ഒരുഹാളും അടുക്കളയും , ശൗചാലയവുമടങ്ങുന്നതാണ് ഓരോഫ്ളാറ്റും. ചുറ്റുമതിൽ, 24 മണിക്കൂറും ശുദ്ധജലം, മലിനജല സംസ്കരണ പ്ലാന്റ്, സോളാർ വൈദ്യുത പ്ലാന്റ് മുതലായ അനുബന്ധസൗകര്യങ്ങളും ഒരുക്കും. തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഫ്ളാറ്റുകളുടെ രൂപകല്പന നിർവഹിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസിനാണ് കരാർ.
കരാറുകാർക്ക് പണം കിട്ടിയില്ല
@ കൊവിഡായിരുന്നു നിർമ്മാണത്തിന് ആദ്യം പ്രതിസന്ധിയായത്. ഇതിനുശേഷം പണി വീണ്ടും തുടങ്ങിയെങ്കിലും സാധനങ്ങളുടെ വിലവർദ്ധനയും കരാറുകാരന് പാർട്ട് ബില്ല് മാറിക്കിട്ടാത്തും കാരണം പണി ഇഴഞ്ഞാണ് നീങ്ങുന്നത്. കർശനമായ വ്യവസ്ഥകളോടെയാണ് ഫ്ളാറ്റുകൾ അനുവദിക്കുന്നത്. ഫ്ളാറ്റുകൾ കുടുംബങ്ങൾക്ക് യഥേഷ്ടം ഉപയോഗിക്കുകയും അനന്തരാവകാശികൾക്ക് കൈമാറുകയും ചെയ്യാമെങ്കിലും വിൽക്കാനോ വാടകയ്ക്ക് നൽകാനോ അനുവദിക്കില്ല.
@ താമസക്കാരുടെപ്രതിനിധികളും ജനപ്രതിനിധികളും അടങ്ങുന്ന മാനേജ്മെന്റ് കമ്മിറ്റി ഫ്ളാറ്റ് സമുച്ചയത്തിന്റെ തുടർ സംരക്ഷണത്തിനായി പ്രവർത്തിക്കും. കെട്ടിടത്തിന്റെ സംരക്ഷണ ചെലവുകളിലേക്കായി ഓരോ കുടുംബവും നഗരസഭ നിശ്ചയിക്കുന്ന ചെറിയതുക എല്ലാ മാസവും അടയ്ക്കണം.
നിർമ്മാണച്ചെലവ് 6.56 കോടി
ഫ്ളാറ്റുകൾ 74 കുടുംബങ്ങൾക്ക്