ചെങ്ങന്നൂർ: ചെങ്ങന്നൂർ - കോഴഞ്ചേരി പ്രധാനപാതയിൽ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ചെറുവളവിൽ മാസങ്ങളായി പൊലീസ് പിടിച്ചിട്ടിരിക്കുന്ന ലോറി പ്രദേശവാസികൾക്കും യാത്രക്കാർക്കും തലവേദനയാകുന്നു. ഗതാഗതത്തിനും പൊതുസുരക്ഷയ്ക്കും വലിയ ഭീഷണിയായി നിൽക്കുന്ന ലോറി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്. ചെറുവളവായതിനാൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും പുറത്തു വരുന്ന വാഹനങ്ങൾക്ക് പോലും സുരക്ഷിതമായി റോഡിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ലോറിയുടെ അടിവശം ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയിരിക്കുകയാണ്. കോടതിയിൽ കേസ് തുടരുന്നതിനാൽ ഉടമ ലോറി ഏറ്റെടുക്കാൻ മുന്നോട്ട് വരുന്നില്ല. മണ്ഡലകാലം അടുത്തുവരുന്നതിനാൽ ചെങ്ങന്നൂർ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ തിരക്ക് വർദ്ധിക്കാനിരിക്കെ, റോഡരുകിൽ കുടുങ്ങി നിൽക്കുന്ന ലോറി വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്നതാണ് പ്രധാന ആശങ്ക.