റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ബ്ലോക്ക്പടി ജംഗ്ഷനിൽ നിന്ന് കോഴഞ്ചേരിയിലേക്ക് തിരിയുന്ന ഭാഗത്ത് ടെലിഫോൺ കമ്പനികൾ കേബിളിടാൻ നിർമ്മിച്ച കുഴികൾ അപകടക്കെണിയാകുന്നു. വേണ്ടത്ര വീതിയില്ലാത്ത റോഡിന്റെ വശത്ത്, ഒരാഴ്ചയായി എടുത്ത കുഴികൾ മണ്ണിട്ട് മൂടുകയോ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയമല്ലാത്ത നിർമ്മാണവും ഡിവൈഡറും കാരണം ഗതാഗതക്കുരുക്ക് പതിവായ ജംഗ്ഷനിൽ, എടുത്ത കുഴികൾ നികത്താതെ വീണ്ടും അടുത്ത കുഴിയെടുക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുഴിയിൽ വീണ് ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ഒരു സ്കൂട്ടർ അപകടത്തിൽപ്പെടുകയും ചെയ്തു. പത്ത് ദിവസമായിട്ടും കുഴികൾ നികത്താത്തതിൽ ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയ-സാംസ്കാരിക സംഘടനകളും സമൂഹ മാദ്ധ്യമ കൂട്ടായ്മകളും രംഗത്തെത്തി. എത്രയും പെട്ടെന്ന് കുഴികൾ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ഉപരോധമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇവർ അധികൃതർക്ക് മുന്നറിയിപ്പ് നൽകി. അടിയന്തര നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതേ പാതയിൽ വിവിധ സ്ഥലങ്ങളിൽ കുഴികൾ എടുത്തിട്ട് സുരക്ഷിതമായി മൂടാതെയാണ് വീണ്ടും നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. പാതയുടെ വശങ്ങളിലുള്ള ഇന്റർ ലോക്ക് ഉൾപ്പെടെ നശിക്കുന്ന അവസ്ഥയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.