പത്തനംതിട്ട : നായ കടിച്ച് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് പേവിഷ ബാധയായിരുന്നെന്ന് സ്ഥിരീകരിച്ചു. ഓമല്ലൂർ മണ്ണാറമല കളർനിൽക്കുന്നതിൽ വീട്ടിൽ കൃഷ്ണമ്മ മോഹനാണ് (65) മരിച്ചത്. സെപ്തംബർ 4നാണ് കൃഷ്ണമ്മയെ നായ കടിച്ചത്. കുരച്ചുചാടിയ നായയെ ഭയന്ന് കൃഷ്ണമ്മ നിലത്തുവീണിരുന്നു. അതോടെ മുഖത്ത് കടിയേൽക്കുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് വാക്സിനേഷൻ എടുത്തെങ്കിലും മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പനി ബാധിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭർത്താവ് : കെ മോഹനൻ. മക്കൾ : ആര്യ മോഹൻ,ആതിര മോഹൻ. മരുമക്കൾ : സുശാന്ത്, അനൂപ് .
സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്ക് തെരുവുനായയുടെ കടിയേൽക്കുകയും 17 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പേവിഷബാധ മരണം തടയുന്നതിന് സംസ്ഥാന സർക്കാർ കർമ്മസേനയ്ക്ക് രൂപം നൽകുന്നതിന് നടപടികൾ ആരംഭിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ജേക്കബ് ജോണിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണിത്.