അടൂർ : അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടുന്നതായി പരാതി. ഉച്ച കഴിഞ്ഞാൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നില്ലെന്നും പല ഡോക്ടർമാരും ഈ സമയത്ത് സ്വകാര്യ പ്രാക്ടീസിനായി പുറത്തു പോകുന്നതായും ആക്ഷേപമുണ്ട്. എന്നാൽ ആശുപത്രി ജീവനക്കാരുടെ ബന്ധുക്കളാണ് രോഗികൾ എങ്കിൽ കോട്ടയത്തേക്ക് റഫർ ചെയ്യാറില്ലെന്നും ജനറൽ ആശുപത്രിയിൽ തന്നെ ചികിത്സ സൗകര്യം ഉറപ്പാക്കാറുണ്ടെന്നുമാണ് ലഭ്യമായ വിവരം. വൈകുന്നേരത്തും രാത്രിയിലും വരുന്ന രോഗികൾക്കാണ് വിദഗ്ദ്ധ ചികിത്സ സൗകര്യങ്ങൾ ലഭ്യമാകാത്തത്. വെള്ളിയാഴ്ച വൈകിട്ട് 7നും ഇന്നലെ രാവിലെ 7 നും ഇടയിൽ നെഞ്ചു വേദനയുമായി എത്തിയ പന്ത്രണ്ടോളം രോഗികളെ ആശുപത്രിയിൽ ചികിത്സ സൗകര്യമില്ലാത്ത കാരണത്താൽ കോട്ടയം മെഡിക്കൽ കോളേജിലേക്കും അടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയ സംഭവം ഉണ്ടായി. കഴിഞ്ഞ ദിവസത്തെ ഒ.പി രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ വിശദമായി പരിശോധിച്ചാൽ ഈ ആരോപണങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുമെന്നും രോഗിയുടെ ബന്ധു പറയുന്നുണ്ട്. അതു പോലെ തന്നെ ആശുപത്രിയിലെ ഡയാലിസിസ് സേവനം സംബന്ധിച്ചും പരാതിയുണ്ട്. ആശുപത്രി സൂപ്രണ്ടോ ഹോസ്പിറ്റൽ മാനേജമെന്റ് കമ്മിറ്റിയോ ഈ വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തുന്നില്ലെന്നാണ് ആക്ഷേപം. ദേശീയ നിലവാരം പുലർത്തുന്നെന്ന് അവകാശപ്പെടുന്ന അടൂർ ജനറൽ ആശുപത്രിയിലെ ചികിത്സ നിഷേധം സംബന്ധിച്ച് കൂടുതൽ ആരോപണങ്ങൾ പൊതു ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.