ചിറ്റാർ: ഒരുലക്ഷം രൂപ വിലമതിക്കുന്ന വളർത്തുപോത്തിനെ അജ്ഞാതസംഘം കൊന്ന് ഇറച്ചി കടത്തിയതായി പരാതി. പെരുനാട് മണക്കയം ബിംമ്മരം സ്വദേശി ഈട്ടിമൂട്ടിൽ വീട്ടിൽ രാധാമണി തൃതീപിന്റെ പോത്തിനെയാണ് ഇറച്ചിയാക്കി കടത്തിയത്. രണ്ട് പോത്തും പത്ത് പശുക്കളേയും വീടിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ റബർത്തോട്ടത്തിൽ മേയാൻ വിടുന്ന പതിവുണ്ടായിരുന്നുരാധാമണിക്ക്. വ്യാഴാഴ്ച്ച വൈകിട്ട് ഒരു പോത്തിനെ കാണാതായതിനെ തുടർന്നുള്ള തിരച്ചിലിൽ മണക്കയം - അള്ളുങ്കൽ റോഡിൽ വനാതിർത്തിയിൽ പോത്തിന്റെ കുടലും മറ്റ് അവശിഷ്ടങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിനടുത്തായി രക്തക്കറയും കണ്ടെത്തി. പിക്കപ്പ് വാനിന്റെ ടയറിന്റെ പാടും സംഭവസ്ഥലത്ത് കണ്ടെന്ന് രാധാമണി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രാധാമണി പെരുനാട് പൊലീസിൽ പരാതി നല്കി.