തിരുവല്ല : അതിപുരാതനമായ കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ബലക്ഷയമുള്ള മേൽക്കൂര അപകട ഭീഷണിയാകുന്നു. പഴയ രാജപാതയായ കാവുംഭാഗം - മുത്തൂർ റോഡരുകിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വൃത്താകൃതിയിലുള്ള മേൽക്കൂര കാലപ്പഴക്കത്തെ തുടർന്ന് ഇടതുവശം ചെരിഞ്ഞ നിലയിലാണ്. മഴയത്ത് മേൽക്കൂരയിലൂടെ ചോർന്നൊലിക്കുന്ന വെള്ളമിറങ്ങി ഭിത്തിയുടെ കുതിർന്നു നിൽക്കുകയാണ്. ചോർച്ച ശക്തമായതിനാൽ വെള്ളം മുഴുവൻ ഉള്ളിലേക്ക് വീഴുന്നു. നിത്യപൂജയ്ക്കായി ക്ഷേത്രം മേൽശാന്തി വളരെ ഭയന്നാണ് ശ്രീകോവിലിനുള്ളിൽ കയറുന്നത്. ശ്രീകോവിലിന്റെ മേൽക്കൂര പുനർനിർമ്മിക്കണം എന്ന ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ഭക്തജനങ്ങളും ഉപദേശക സമിതിയും തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് രേഖമൂലവും ഓഫീസിൽ നേരിട്ടെത്തിയും പലതവണ പരാതി ഉന്നയിച്ചു. എന്നാൽ നാളിതുവരെ ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള തുടർനടപടികൾ ഉണ്ടായിട്ടില്ല. ക്ഷേത്രത്തിന്റെ പ്രധാനപ്പെട്ട ശ്രീകോവിൽ പുനർമ്മിക്കാത്തതിനെതിരെ കരുനാട്ടുകാവ് ഭക്തജന സമിതി ശക്തമായി അപലപിച്ചു.
.....................................
കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ദേവസ്വം ഓംബുഡ്സ്മാൻ മുഖേന ഹൈക്കോടതിയെ സമീപിക്കുകയും പണികൾ പൂർത്തിയാക്കി കോടതിയെ അറിയിക്കാനും ഉത്തരവിട്ടെങ്കിലും ഇതുവരെയും പണികൾ തുടങ്ങാൻ പോലും തിരുവിതാംകൂർ ദേവസ്വം ബോർഡ് തയാറായില്ല.
ശിവകുമാർ ചൊക്കംമഠം
( പ്രദേശവാസി )
........................................
1. മേൽക്കൂര ചോർന്നൊലിക്കുന്നു
2. പരാതി നൽകിയിട്ടും നടപടിയില്ല
....