തിരുവല്ല : പിതാവിന്റെ അമിത മദ്യപാനവും മാതാവിന്റെ രോഗാവസ്ഥയും തളർത്തിയ സ്‌കൂൾ കുട്ടികൾക്ക് വിദ്യാരംഭത്തിൽ ജില്ലാ പൊലീസ് തുടർ വിദ്യാഭ്യാസം ഒരുക്കിക്കൊടുത്തു. കവിയൂർ ഗ്രാമപഞ്ചായത്തിലെ ഞാലിക്കണ്ടം സ്വദേശികളായ പത്താംക്ലാസിലും ആറാംക്ളാസിലും പഠിക്കുന്ന ആൺ, പെൺ സഹോദരങ്ങൾക്കാണ് പൊലീസിന്റെ ഇടപെടൽ തുണയായത്. തിരുവല്ലയിലെ എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഈ അദ്ധ്യയന വർഷത്തിൽ ഇതുവരെ രണ്ടുദിവസം മാത്രമാണ് സ്കൂളിൽ പോയിട്ടുള്ളത്. സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകിയ വിവരം അനുസരിച്ച് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് ഈ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് സ്കൂൾ മാനേജ്മെന്റുമായും പഞ്ചായത്ത് അടക്കമുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ ഇവരെ വീണ്ടും സ്‌കൂൾ പഠനത്തിന് വിട്ടയച്ചു. എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ജോജോ, വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ ജയ കെ, ജസ്ന കെ.ജലാൽ,സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സജിത്ത് രാജ്, സുധീഷ് ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ട് എം.ഡി ദിനേശ് കുമാർ വാർഡ് മെമ്പർ ടി.കെ.സജീവ് തുടങ്ങിയവർ വീട്ടിലെത്തി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു.