rd
തകർന്ന റോഡ് / സമീപം സോളാർ പാനലൽ

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിനെയും പാണ്ടനാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന താമരപ്പള്ളിപ്പടി – അട്ടക്കുഴി കളീയ്ക്കൽപ്പടി റോഡ് തകർന്ന് തരിപ്പണമായിട്ടു അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നു. തിരുവൻവണ്ടൂർ പഞ്ചായത്തിലെ 13-ാം വാർഡും പാണ്ടനാട് രണ്ടാം വാർഡും തമ്മിലുള്ള അതിർത്തിയിലൂടെ പോകുന്ന ഈ റോഡാണിത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് താമരപ്പള്ളിപ്പടി ഭാഗത്ത് നിന്ന് 130 മീറ്റർ ദൂരം മാത്രം കോൺക്രീറ്റ് ചെയ്തെങ്കിലും, ആറ് മീറ്റർ വീതിയുള്ള റോഡിന്റെ നടുവിൽ വെറും മൂന്ന് മീറ്റർ ഭാഗം മാത്രമാണ് കെട്ടിച്ചമച്ചത്. റോഡിന്റെ ഇരുവശങ്ങളും മണ്ണിട്ട് ഉയർത്തിയിട്ടില്ലാത്തതിനാൽ, വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ ടൂ വീലറുകൾക്കും കാൽനടക്കാർക്കും കടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് റോഡ് പൂർണമായി പൂർത്തിയാക്കാൻ സാധിക്കാത്തതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്. രാത്രി ജോലി കഴിഞ്ഞ് വരുന്ന സാധാരണക്കാരാണ് ഏറെ പാടുപ്പെടുന്നത്. കുഴികളും ചെളിയും നിറഞ്ഞ പാതയിലൂടെ വേണം സഞ്ചരിക്കാൻ. പ്രദേശവാസികൾ അലപ്പുഴ ജില്ലാ കളക്ടറിനോട് പരാതി നൽകി നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല

റോഡിന് സമീപമുള്ള വഴിവിളക്കുകൾ വർഷങ്ങളായി പ്രവർത്തനരഹിതമാണ്. 2018ലെ പ്രളയത്തിന് ശേഷം സ്ഥാപിച്ച രണ്ട് സോളാർ ലൈറ്റുകൾ കുറച്ചുനാൾ മാത്രം പ്രകാശിച്ചുവെന്നും പിന്നീട് പ്രവർത്തനം നിലച്ചതായും നാട്ടുകാർ പറയുന്നു. വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി പഞ്ചായത്ത് നൽകിയ രേഖപ്രകാരം, 2024 ഓഗസ്റ്റ് 9ന് നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കാനുള്ള പദ്ധതി രൂപപ്പെടുത്തുമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും നടപടിയൊന്നുമില്ല.

......................................................

പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനങ്ങൾ രേഖകളിൽ മാത്രം കുടുങ്ങിയിരിക്കെ, താമരപ്പള്ളിപ്പടി – അട്ടക്കുഴി റോഡ് ഇന്ന് പ്രദേശവാസികളുടെ പരീക്ഷണമായി മാറിയിരിക്കുകയാണ്. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കണം.

​ സജികുമാർ

(പ്രദേശവാസി)​