മാന്നാർ: ഇന്ത്യാഗവൺമെന്റിന്റെ ആസൂത്രണ കമ്മിഷന്റെ ശുപാർശ പ്രകാരം സ്ഥാപിതമായ വികസന ഏജൻസിയായ ഭാരത് സേവക് സമാജിന്റെ ദേശീയ ബഹുമതിക്ക് മോട്ടിവേഷണൽ സ്പീക്കറും കലാകാരനുമായ ചെന്നിത്തല അമൃത വീട്ടിൽ രാജേന്ദ്രപ്രസാദ് അമൃത അർഹനായി.തിരുവനന്തപുരം കവടിയാറുള്ള ഭാരത് സേവക് സമാജ് സത്ഭാവന ഓഡിറ്റോറിയത്തിൽ 13ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ ന്യൂഡൽഹി സെൻട്രൽ ഭാരത് സേവക് സമാജം അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ ബഹുമതി സമ്മാനിക്കും.രാജ്യത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പുരസ്കാരമാണ് ഇത്. ആർട്ട് ഒഫ് ലിവിംഗിന്റെ നിരവധി കോഴ്സുകളിലൂടെ ഹാപ്പിനെസ് പ്രോഗ്രാം, അഡ്വാൻസ്ഡ് മെഡിറ്റേഷൻ കോഴ്സ് എന്നിവയിൽ അദ്ധ്യാപകനായിരുന്ന രാജേന്ദ്ര പ്രസാദ് ചിത്രരചന, കലാസംവിധാനം, അഭിനയം, സംഗീതം, സാമൂഹ്യ - സാമുദായിക പ്രവർത്തനം തുടങ്ങിയ മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി, സാമ്പത്തികേച്ഛയില്ലാതെ വ്യക്തിത്വ വികസനത്തെ സംബന്ധിച്ചും മറ്റും നിരവധിക്ലാസുകൾ നയിച്ചു വരുന്ന ഇദ്ദേഹം ഇരുപത്തിയാറോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം, ചെന്നിത്തല ചെല്ലപ്പൻപിള്ള കലാസാംസ്ക്കാരിക സമിതി, അഖിലഭാരത അയ്യപ്പ സേവാസംഘം, പാരിസ്ഥിതിക സംഘടനയായ മാന്നാർ മിലൻ 21, ചെന്നിത്തല ചാല മഹാദേവക്ഷേത്ര ഉപദേശകസമിതിയംഗം,സച്ചിൻമയിദേവി ആശ്രമം പ്രസിഡന്റ് എന്നിങ്ങനെ നീളുന്നതാണ് രാജേന്ദ്ര പ്രസാദിന്റെ പ്രവൃത്തിമണ്ഡലങ്ങൾ. രോഗികൾക്ക് ആശ്വാസം പകരുന്ന ചെന്നിത്തലയിലെ ജനകീയ
ഡോക്ടറായ ഡോ.ജയ രാജേന്ദ്രൻ ഭാര്യയാണ്. ചെന്നിത്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. അരുൺ രാജേന്ദ്രൻ ഏക മകനാണ്. ഡോ.പാർവതിയാണ് മരുമകൾ.