പന്തളം: തുമ്പമൺ പഞ്ചായത്തിലെ വാർഡുകളിലെ കുടുംബശ്രീകളിൽ അഴിമതി നടന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിൽ വിജിലൻസ് പരിശോധന ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന് സൂചനയുണ്ട് . തുമ്പമൺ പഞ്ചായത്തിലെ 11-ാം വാർഡിലുള്ള ഐശ്വര്യ കുടുംബശ്രീയുടെ മുൻപ്രസിഡന്റും നിലവിലെ സെക്രട്ടറിയുമായ അശ്വതിയും അംഗങ്ങളുമാണ് അഴിമതി ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നത്. മുഖ്യമന്ത്രിക്കും, വകുപ്പ് തല ഉദ്യോഗസ്ഥർക്കും ഇവർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 2020 - 2021ൽ തുമ്പമൺ കേരള ഗ്രാമീൺ ബാങ്കിന്റെ തുമ്പമൺബ്രാഞ്ചിൽ നിന്ന് ലോണായി 7 ലക്ഷം രൂപ അനുവദിച്ചിരുന്നു. അന്നത്തെ വാർഡിലെ കുടുംബശ്രീ സെക്രട്ടറി ആറുലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് കുടുംബശ്രീയിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ ആറ് ലക്ഷം രൂപ 11 പേർക്ക് തുല്യമായി വീതിച്ചു നൽകിയില്ല. കുടുംബശ്രീ അംഗങ്ങൾ ബാങ്കിൽ അടയ്ക്കേണ്ട തുകയുടെ വിഹിതം സെക്രട്ടറിക്ക് നൽകിയിരുന്നെങ്കിലും ഈ തുക സെക്രട്ടറി ബാങ്കിൽ കൃത്യമായി അടയ്ക്കാത്തതിനാൽ കഴിഞ്ഞ മേയ് 17ന് കുടുംബശ്രീ അംഗങ്ങൾക്ക് ബാങ്കിൽ നിന്ന് നോട്ടീസ് വന്നതായി പരാതിയിൽ പറയുന്നു. 1,37,097രൂപ അടയ്ക്കണം എന്നാണ് ബാങ്കിൽ നിന്ന് കത്ത് വന്നത്. അപ്പോഴാണ് സെക്രട്ടറി തട്ടിപ്പ് നടത്തിയതായി ബോദ്ധ്യപ്പെട്ടതെന്ന് കുടുംബശ്രീ അംഗങ്ങൾ പരാതിയിൽ പറഞ്ഞിരുന്നു. അംഗങ്ങൾ ബാങ്കിൽ തിരക്കിയപ്പോഴാണ് 6 ലക്ഷം രൂപ അല്ല, 7 ലക്ഷം രൂപയാണ് അന്ന് ലോൺ ആയി അനുവദിച്ചിരുന്നത് എന്ന കാര്യം അംഗങ്ങൾക്ക് ബോദ്ധ്യമായത്. ലോൺ ലഭിച്ചപ്പോൾ തന്നെ ഒരു ലക്ഷം രൂപ സെക്രട്ടറി മുക്കിയതായാണ് കുടുംബശ്രീ അംഗങ്ങൾ ആരോപിക്കുന്നത്. പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന മറ്റൊരു കുടുംബശ്രീയിൽ സമാന തട്ടിപ്പുകൾ നടക്കുന്നതായും പരാതിയിൽ ഉണ്ട്. സ്ഥലത്തില്ലാത്ത ആൾക്കാരുടെ പേരിൽ ഈ കുടുംബശ്രീയിലെ ചെയർപേഴ്സനും തൽപരകക്ഷികളും ചേർന്ന് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതായും പരാതിയിൽ പറയുന്നു.