വെള്ളകുളങ്ങര : ഏറത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലുള്ള വെള്ളാരംകുന്നു ക്ഷേത്രം- കൊച്ചുകിഴക്കേതിൽ പടി റോഡ് പൊട്ടിപൊളിഞ്ഞു സഞ്ചാര യോഗ്യമല്ലാതായി. റോഡിന്റെ നവീകരണം പ്രദേശവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി.പ്രായമായ ആളുകൾക്കും മറ്റും നടന്നു പോലും പോകാൻ കഴിയാത്ത രീതിയിലാണ് റോഡിന്റെ അവസ്ഥ. ക്ഷേത്രത്തിനു സമീപത്തു നിന്നും തുടങ്ങുന്ന റോഡിന്റെ ആദ്യ വളവ് കഴിയുമ്പോൾ തന്നെ നിറയെ കുണ്ടും കുഴിയുമാണ്. ഇരു ചക്രവാഹനങ്ങൾ കടന്നു പോകുമ്പോൾ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്ന സ്ഥിതിയാണ്. പ്രദേശ വാസികൾ റോഡിന്റെ ദുരവസ്ഥ മൂലം വലിയ യാത്രാ ദുരിതമാണ് നേരിടുന്നത്. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.