അടൂർ : ശിവഗിരി തീർത്ഥാടനത്തിനു ഭക്തസഹസ്രങ്ങൾ എത്തിച്ചേരുന്ന ഉദയഗിരി ക്ഷേത്രത്തിലേക്കും നാടിന്റെ നാനാഭാഗത്ത് നിന്ന് ലഹരി വിമുക്തിക്കായി ആളുകൾ എത്തിച്ചേരുന്ന ഗാന്ധിഭവൻ ലഹരി വിമുക്ത കേന്ദ്രത്തിലേക്കുമുള്ള പ്രധാന റോഡായ മിത്രപുരം - ഉദയഗിരി ക്ഷേത്രം റോഡ് തകർന്നിട്ട് നാളുകൾ. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിട്ടും റോഡ് നവീകരണം സംബന്ധിച്ച് യാതൊരു പ്രതികരണവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലയെന്നാണ്നാട്ടുകാരുടെ ആക്ഷേപം. എം.സി റോഡിൽ നിന്നും പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ഒൻപത്, ഏഴ് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തു കൂടിയാണ് റോഡ് കടന്നു പോകുന്നത്. ശിവഗിരി തീർത്ഥാടനകാലത്തിനു ഇനി ഒരു മാസം ശേഷിക്കെ വലിയ യാത്ര ദുരിതമാണ് റോഡിൽ നേരിടുന്നത്. പല ഭാഗത്തും കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രികരും കാൽ നട യാത്രക്കാരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. എസ്.എൻ.ഡി.പി യോഗം 379-ാം ടി.കെ മാധവ വിലാസം ശാഖാ യോഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സ്ക്കൂളുമാണ് ഇവിടുള്ളത്. പള്ളം, മെഴുവേലി എന്നിവിടങ്ങളിൽ നിന്നുള്ള ശിവഗിരി പദയാത്രയാണ് എല്ലാ വർഷവും പ്രധാനമായും തീർത്ഥാടനകാലത്ത് ഉദയ ഗിരിയിൽ എത്തിച്ചേരുന്നത്. ആയിരക്കണക്കിന് യാത്രികരാണ് ഈ സമയത്ത് ഈ പൊട്ടിപൊളിഞ്ഞ റോഡിലൂടെ കാൽ നടയായി കടന്നു പോകുന്നത്.ഈ പ്രദേശം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗാന്ധി ഭവൻ ലഹരിവിമുക്ത കേന്ദ്രത്തിലേക്കുമുള്ള പ്രധാന റോഡ് കൂടിയാണിത്. ഉദയഗിരി ക്ഷേത്രത്തോട് ചേർന്നു പ്രവർത്തിക്കുന്ന ഉദയഗിരി പബ്ലിക്ക് സ്‌കൂളിലേക്കും മറ്റൊരു സ്വകാര്യ സ്‌കൂളായ ട്രാവൻകൂർ സ്ക്കൂളിലേക്കും ഉദയഗിരി ക്ഷേത്രം റോഡിലൂടെയാണ് കടന്നു വരേണ്ടത്.
"ആയിരക്കണക്കിന് ശിവഗിരി പദയാത്രികർ വർഷം തോറും കടന്നു വരുന്ന റോഡ് നവീകരിക്കാത്തത് പ്രതിഷേധാർഹമാണ്. "
സനിൽ കുമാർ ഉദയഗിരി
(പ്രദേശവാസി, ഉദയഗിരി ശാഖാ വൈസ് പ്രസിഡന്റ്)
.....................................
റോഡ് പൊട്ടിപ്പൊളിഞ്ഞു താറുമാറായി കിടക്കുകയാണ്. ഗാന്ധി ഭവൻ ഐ.ആർ.സി.എ യിലെത്തുന്ന പൊതുജനങ്ങളും രോഗികളും ഇത് മൂലം വലിയ യാത്ര ദുരിതം നേരിടുന്നു.
പഴകുളം ശിവദാസൻ
(ഗാന്ധി ഭവൻ ഐ.ആർ.സി.എ ഉദയഗിരി
വികസന സമിതി ചെയർമാൻ)