പത്തനംതിട്ട: ശബരിമലയിൽ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ നഷ്ടമായതിനെ സംബന്ധിച്ചും മുൻ ദേവസ്വം ബോർഡ്കളിലെ അഴിമതിയെ സംബന്ധിച്ചും ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സി. ബി. ഐ അന്വേഷണം നടത്തണമെന്ന് ആർ.എസ്. പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിർദ്ദേശം ലംഘിച്ച്- ആഗോള അയ്യപ്പ സംഗമത്തിന് കോടികളാണ് ദേവസ്വം ഖജനാവിൽ നിന്നും ചെലവഴിച്ചത്. കാലാവധി അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മണ്ഡലം, മകരവിളക്ക് ഉത്സവങ്ങളെ മുൻ നിറുത്തി തീവെട്ടി കൊള്ളയാണ് നടന്നു കൊണ്ടിരിക്കുന്നത്. ശബരിമലയെ സംബന്ധിച്ചു കോടികൾ നഷ്ടമായതടക്കം ഗുരുതരമായ വസ്തുതകൾ തെളിവ് സഹിതം പുറത്തു വന്നിട്ടും ഒരു ക്രിമിനൽ കേസ് പോലും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. ഇത് കുറ്റക്കാരെ രക്ഷപ്പെടുത്തുവാനുള്ള സർക്കാരിലെ ഉന്നതരടക്കമുള്ള ലോബിയുടെ നാണംകെട്ടകളിയുടെ ഭാഗമാണെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. നിലവിലെ ദേവസ്വം ബോർഡ് രാജിവയ്ക്കുക, ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, മണ്ഡലം, മകര വിളക്ക് ഉത്സവങ്ങൾ പൂർണ്ണമായും ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആർ. എസ്. പി യുടെ നേതൃത്വത്തിൽ പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ശിവകുമാർ അറിയിച്ചു.