മല്ലപ്പള്ളി: ടൗണിലെ അനധികൃത പാർക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. നിരവധി തവണ സമീപത്തെ വ്യാപാരികൾ വാഹന ഉടമകളോട് പറയുന്നുണ്ടെങ്കിലും ആരും ചെവി കൊള്ളാറില്ല. നിയമം നടപ്പിലാക്കേണ്ട പൊലീസും മോട്ടോർ വാഹന വകുപ്പും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വാഹനങ്ങൾ മണിക്കൂറുകളോളം വൈകിയാണ് തിരിച്ചെടുക്കുന്നത്. കാൽനടയാത്രികർ നടപ്പാത ഒഴിവാക്കി തിരക്കേറിയ റോഡിലൂടെ നടക്കേണ്ടിവരുന്നതോടെ അപകട ഭീതിയും കൂടി. വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നോ പാർക്കിംഗ് ബോർഡുകളോടും ചേർന്ന് വാഹന പാർക്കിംഗ് തുടരുകയാണ്. ചില ഇടങ്ങളിൽ നിർദ്ദേശം നൽകുന്ന ബോർഡുകൾ വച്ചിട്ടില്ല. നടപ്പാതയിലെ പാർക്കിംഗിനൊപ്പം തിരുവല്ല ഭാഗത്തു നിന്ന് പഴയ പൊലീസ് സർക്കിൾ ഓഫീസ് പടിയിലൂടെ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നേരെ ടൗണിലേക്ക് എത്തുന്നതും ദുരിതമാണ്. പെറ്റിയടിക്കാനായി ഓടി നടക്കുന്നവർ ഇത്തരം പ്രവർത്തികൾ കാണുന്നില്ലെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. അനധികൃത പാക്കിംഗിനെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും ജാഗ്രത പാലിക്കണമെന്ന ആവശ്യം ശക്തമാണ്.
.................................................
മല്ലപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലെ സീബ്രാലൈനുകളിലും അനധികൃത പാക്കിംഗിന് എതിരേ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കുന്നില്ല. കാൽനടയാത്രക്കാരിൽ സ്കൂൾ കുട്ടികൾ അടക്കം അപകട ഭീഷണി നേരിട്ടാണ് ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.
ടിറ്റു തോമസ്
(ബി.ജെ.പി മണ്ഡലം പ്രസിഡന്റ് )