collection
ഇരവിപേരൂർ പഞ്ചായത്തിൽ ഇ മാലിന്യശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ഇ - മാലിന്യ ശേഖരം ക്ലീൻ കേരള കമ്പനി തുടക്കമിട്ടതിന്റെ ഭാഗമായി ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഗാന്ധിജയന്തി ദിനത്തിൽ ജില്ലാതലത്തിൽ തുടക്കംകുറിച്ചു. പഞ്ചായത്തുകളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേന തുക നൽകി ഇ - മാലിന്യങ്ങൾ ശേഖരിക്കുന്ന ജനകീയ ക്യാമ്പയിനാണ് തുടങ്ങിയത്. ഉപയോഗശൂന്യമായ ടി.വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇസ്തിരിപ്പെട്ടി, ഫ്രിഡ്ജ്, പ്രിന്റർ, ലാപ്ടോപ്പ്, മൈക്രോവേവ്, റേഡിയോ, യു.പി.എസ്, മറ്റു ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ കിലോയ്ക്ക് വില നിശ്ചയിച്ച് തുക നൽകി ഹരിത കർമ്മസേന ശേഖരിക്കും. ഹരിത കർമ്മസേന ശേഖരിക്കുന്ന ഈ മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ക്ലീൻ കേരള കമ്പനി ശേഖരിക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് പുനരൂപയോഗമാക്കി കമ്പനി ഹരിതകർമ്മ സേനയ്ക്ക് തുക നൽകും. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലീൻ കേരള കമ്പനി ജില്ലാമാനേജർ എം.ബി ദിലീപ് കുമാർ,സെക്ടർ കോർഡിനേറ്റർ ആനന്ദവല്ലി, ഹരിത കർമ്മസേന കൺസോഷ്യം പ്രസിഡണ്ട് ഫിലോമിന ഷാജി, സെക്രട്ടറി വിനിത വിജയൻ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.