പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2025ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 14 വരെ അവസരമുണ്ടാകുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. സെപ്തംബർ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും ഒക്ടോബർ 14 വരെ സ്വീകരിക്കും. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ ഉൾപ്പെട്ട മരിച്ചവർ, താമസം മാറിയവർ, ഇരട്ടിപ്പുള്ളവർ എന്നിവരുടെ വിവരങ്ങൾ ആവശ്യമായ പരിശോധന നടത്തി തദ്ദേശ സ്ഥാപന നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. ഏഴ് ദിവസത്തിനകം പരാതികളോ ആക്ഷേപങ്ങളോ ലഭിച്ചില്ലെങ്കിൽ കരട് പട്ടികയിൽ നിന്ന് പേര് ഒഴിവാക്കും. പേര് ചേർക്കാനുള്ള അപേക്ഷ ഫോറം 4, ആക്ഷേപങ്ങൾ ഫോറം 5, ഉൾക്കുറിപ്പുകൾ തിരുത്താൻ ഫോറം 6, സ്ഥാനമാറ്റത്തിന് ഫോറം 7, പ്രവാസി വോട്ടർമാർക്ക് ഫോറം 4 എ എന്നിവയിൽ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ തന്നെ ഹിയറിംഗ് നോട്ടീസ് ലഭിക്കും. ഈ മാസം 24ന് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ പരിശോധന പൂർത്തിയാക്കും. ഇ,ആർ.ഒയുടെ ഉത്തരവിൽ ആക്ഷേപം ഉള്ളവർക്ക് തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. അന്തിമ വോട്ടർ പട്ടിക 25ന് പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ യോഗത്തിൽ തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കളക്ടർ ബീന എസ്.ഹനീഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.എസ് നൈസാം, പി.ആർ.ഡി അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.