പെരിങ്ങനാട് : പതിനാലാം മൈൽ ജംഗ്ഷനു സമീപം ഡയപ്പർ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. ജംഗ്ഷനിൽ നിന്നും പഴകുളത്തേക്കുള്ള റൂട്ടിൽ ഇടതു ഭാഗത്ത് ചരക്കു ലോറികൾ പാർക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപമാണ് ഡയപ്പർ മാലിന്യങ്ങൾ കൊണ്ടു വന്നു അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്നത് . മഴ പെയ്തതോടെ മാലിന്യം ചിതറിക്കിടക്കുന്ന സ്ഥിതിയാണ്. തെരുവ് നായ്ക്കൾ ഇത് കടിച്ചെടുത്ത് മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്നുണ്ട്. രാത്രിയുടെ മറവിലാണ് സാമൂഹിക വിരുദ്ധർ ഇത്തരത്തിൽ മാലിന്യം കൊണ്ടു നിക്ഷേപിച്ചത് എന്നാണ് പ്രദേശവാസികൾആരോപിക്കുന്നത്. കെ.പി റോഡ് കടന്നു പോകുന്ന ഈ പ്രദേശത്ത് ദൂരെ സ്ഥലത്തു നിന്നും വന്നു മാലിന്യം വലിച്ചെറിഞ്ഞു പോകാൻ സൗകര്യപ്രദമാണ്. പകൽ സമയങ്ങളിൽ പതിനാലാം മൈൽ ജംഗ്ഷനിൽ ആൾത്തിരക്കുണ്ടെങ്കിലും രാത്രി 9 കഴിഞ്ഞാൽ ഏറെ കുറെ വിജനമാണ് ഈ പ്രദേശം. മാലിന്യം കുന്നു കൂടി ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതരും തയാറാകുന്നില്ല. വിജനമായ പ്രദേശത്തെ ദൃശ്യങ്ങൾ ലഭിക്കുന്ന രീതിയിൽ ജംഗ്ഷൻ കേന്ദ്രീകരിച്ച് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. നാളുകളായി ഇവിടെ മാലിന്യ നിക്ഷേപം വ്യാപകമാണ്.
..................................................................
ദുർഗന്ധം കാരണം കാൽനട യാത്രക്കാർക്ക് പോലും ബുദ്ധിമുട്ട് നേരിടുകയാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. നിരീക്ഷണ ക്യാമറ സ്ഥാപിക്കണം
(അജിത് കുമാർ മേലൂട് പ്രദേശവാസി)