e

പത്തനംതിട്ട : ശബരിമല സ്വർണപ്പാളി വിവാദത്തിൽ പത്തനംതിട്ട ദേവസ്വം ബോർഡ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ അടക്കം 17 പേരെ പൊലീസ് അറസ്റ്റുചെയ്തു . യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ജിതിൻ ജി. നൈനാൻ, അനൂപ് വേങ്ങവിള, എസ്. നഹാസ്, മുഹമ്മദ് സലീൽ സാലി, റോബിൻ, സാംജി വർഗീസ്, ആരോൺ ബിജിലി, അനന്തു ബാലൻ, സുനിൽ കുമാർ, നസ്മൽ, രഞ്ജു, പി. അരുൺ , ബിനു, ഷിനു വിജി, ബിന്ദു ബിനു എന്നിവരെയാണ് അറസ്റ്റുചെയ്തത്. തേങ്ങയും കൊടികെട്ടിയ വടികളുമായി പ്രതിഷേധിച്ച പ്രവർത്തകർ ബാരിക്കേഡും കയറും തകർത്ത് പൊലീസുകാരെ ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലെ ചില്ലുഗ്ലാസുകൾ എറിഞ്ഞുപൊട്ടിച്ച് 15000 രൂപ നാശനഷ്ടം വരുത്തിയതിനും പൊലീസ് ജീപ്പിന്റെ ബോണറ്റും വയർലെസും നശിപ്പിച്ചതിനും കേസുണ്ട്.

സന്ദീപ് വാര്യർ മാർച്ച് ഉദ്ഘാടനം ചെയ്തു. അതിനുശേഷം പ്രവർത്തകർ ബാരിക്കേഡ് തകർത്തതോടെയാണ് സംഘർഷത്തിന് തുടക്കം. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ദേവസ്വം ഓഫീസിന് മുന്നിലേക്ക് നടന്ന സന്ദീപ് വാര്യർക്ക് നേരെ ലാത്തി വീശാൻ ശ്രമിച്ച പൊലീസുകാരെ പ്രവർത്തകർ തടഞ്ഞു. പൊലീസ് ബലം പ്രയോഗിച്ച് സന്ദീപ് വാര്യരെ നീക്കി. തുടർന്ന് സെൻട്രൽ ജംഗ്ഷനിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി.

ശരണം വിളിച്ച് പ്രതിഷേധം.

ഇത് സ്വർണമല്ല, ദയവായി കക്കരുത് എന്നെഴുതിയ പ്രതീകാത്മക സ്വർണപ്പാളിയുമായുമാണ് മാർച്ച് നടത്തിയത്.

സ്ത്രീകൾ ഉൾപ്പെടെ നൂറോളം പ്രവർത്തകരുടെ മാർച്ച് ദേവസ്വം ബോർഡ് ഓഫീസിന് മുമ്പിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി, ബാരിക്കേഡ് കെട്ടിയ കയർ അറുത്ത് മറിച്ചിട്ടു. സന്ദീപ് വാര്യരെ പൊലീസ് തടയാൻ ശ്രമിച്ചപ്പോൾ പ്രവർത്തകർ അക്രമാസക്തരായി. തേങ്ങയും കല്ലും എടുത്തെറിഞ്ഞു ദേവസ്വം ബോർഡ് ഓഫീസിന്റെ ഒന്നാംനിലയിലെ ചില്ലുകൾ തകർത്തു. ഇതോടെ നേതാക്കളെ അറസ്റ്റുചെയ്ത് മാറ്റാൻ പൊലീസ് ശ്രമിച്ചു. ജീപ്പിൽ കയറ്റിയ പ്രവർത്തകരെ മറ്റുള്ളവർ ജീപ്പ് തടഞ്ഞു പുറത്തിറക്കി. തുടർന്ന് പ്രവർത്തകർ പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലേക്ക് മാർച്ചുമായെത്തി റോഡ് ഉപരോധിച്ചു. സ്വാമിയേ ശരണമയ്യപ്പാ വിളികളുമായായിരുന്നു. പ്രതിഷേധം.