ana-

റാന്നി : വടശേരിക്കര പഞ്ചായത്തിലെ വിവിധ മേഖലകളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയുമായി വൻ നാശനഷ്ടങ്ങളാണ് കാട്ടാനകൾ വരുത്തിയത് .ഇന്നലെ രാവിലെ എട്ടുമണിയോടെ കുമ്പളത്താമൺ മണപ്പാട്ട് രാധാകൃഷ്ണൻ നായരുടെ വീടിന് സമീപമാണ് കാട്ടാനയെത്തിയത്. ആനയുടെ ആക്രമണത്തിൽ രാധാകൃഷ്ണൻനായരുടെ പത്ത് വാഴയും ഒരു തെങ്ങും ഉൾപ്പടെയുള്ള കൃഷികൾ നശിച്ചു.

കഴിഞ്ഞ കുറച്ചുകാലങ്ങളായി രാവും പകലും ഈ മേഖലകളിൽ കാട്ടാനശല്യം വർദ്ധിച്ചതോടെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. കഴിഞ്ഞ മാസം ഒളികല്ല്, ബൗണ്ടറി, എം.ആർ.എസ്, ചെമ്പരത്തിമൂട്, ആക്കെമൺ, കുമ്പളത്താമൺ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടാനകൾ വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു. ഒളികല്ല് തെക്കേമണ്ണിൽ സജിയുടെ കൃഷിയിടത്തിൽ 50 വാഴ , കപ്പ, കാച്ചിൽ തുടങ്ങിയ വിളകളും നേരത്തെ നശിപ്പിച്ചിരുന്നു. . ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന കാട്ടാനശല്യത്തിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാട്ടാനശല്യം കാരണം ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ് . രാവും പകലും കൃഷി സംരക്ഷിക്കാനായി ജീവൻ പണയംവച്ചു കാവലിരിക്കുകയാണ് ഓരോ കർഷകരും . വനംവകുപ്പ് ഇതിന് ശാശ്വത പരിഹാരം കാണണം.

രാജേഷ് വടശേരിക്കര