തിരുവല്ല : നഗരസഭയുടെ ഉടമസ്ഥതയിലുള്ള അമ്പിളി ജംഗ്‌ഷനിലെ മുൻസിപ്പൽ പാർക്കിലെ കളിക്കോപ്പുകൾ തുരുമ്പെടുത്ത് നശിക്കുന്നു. കുട്ടികൾ ഉപയോഗിക്കുന്ന സീസോയും സ്ലൈഡുകളും മറ്റും തുരുമ്പിച്ച് കുട്ടികൾക്ക് അപകടഭീഷണിയായി. ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിച്ച കുട്ടികളുടെ പാർക്ക് യഥാവിധം സംരക്ഷിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയോരത്ത് അമ്പിളി ജംഗ്ഷനിലെ നഗരസഭയുടെ കുട്ടികളുടെ പാർക്കിന്റെ അവസ്ഥ ഇപ്പോൾ വളരെ പരിതാപകരമാണ്. കുട്ടികൾ കളിക്കുന്ന സ്ഥലങ്ങളിൽ മുഴുവൻ കരിയില വീണും ചെളിവെള്ളം കെട്ടിക്കിടന്നും കൂത്താടികളും പെറ്റുപെരുകുകയാണ്. പാർക്കിനുള്ളിൽ അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. പാർക്ക് സംരക്ഷിക്കേണ്ട മുൻസിപ്പൽ അധികൃതർ തിരിഞ്ഞു നോക്കാറില്ലെന്ന പരാതി ശക്തമാണ്. പലയിടത്തും കാടുപിടിച്ചു കിടക്കുന്ന പാർക്ക് ഇപ്പോൾ ഇഴജന്തുക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാണ്. രാത്രി സമയങ്ങളിൽ ഇവിടെ മദ്യപാനികളുടെ വിളയാട്ടമാണെന്നും പരാതിയുണ്ട്.
കുട്ടിയുടെ കൈയിൽ സീസോ തുളച്ചുകയറി
കുട്ടികളുടെ പാർക്കിൽ കുടുംബത്തോടൊപ്പം ഉല്ലസിക്കാനെത്തിയ ബാലികയുടെ കൈയിൽ സീസോ തുളച്ചുകയറി. പെരിങ്ങര സ്വദേശിയായ പത്ത് വയസുള്ള പെൺകുട്ടിയുടെ കൈവെള്ളയിലാണ് കളിക്കോപ്പിലെ ഇരുമ്പ് കമ്പി തുളച്ചുകയറി പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പരിക്കേറ്റ കുട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.കുട്ടിയുടെ കൈയിൽ മൂന്ന് കുത്തിക്കെട്ടുണ്ട്. നിരവധിയാളുകളാണ് ഇപ്പോഴും കുട്ടികളുമായി പാർക്കിലെത്തുന്നത്. ഓപ്പൺ സ്റ്റേജും വിശ്രമത്തിനുള്ള ഇരിപ്പിടങ്ങളും ഇവിടുണ്ട്. എന്നാൽ സി.സി. ടി.വിയോ അനുബന്ധ സുരക്ഷാ സംവിധാനങ്ങളോ ഇവിടെ ഒരുക്കിയിട്ടില്ല.
.............................................
നഗരവാസികൾക്ക് ഉൾപ്പെടെ കുടുംബത്തോടെ ഉല്ലസിക്കാനും മറ്റും ലക്ഷ്യമിട്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പാർക്കിലെ ഉപകരണങ്ങൾ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. ചായംപൂശാനോ അറ്റകുറ്റപ്പണികൾ നടത്താനോപോലും നഗരസഭാ അധികൃതർ തയാറാകാത്തതാണ് പാർക്കിന്റെ ശോച്യാവസ്ഥയ്ക്ക് കാരണം
(പ്രദേശവാസികൾ)