പന്തളം: തുമ്പമൺ ഗ്രാമ പഞ്ചായത്തിൽ സി.പി.എം നടത്തിവരുന്ന സമരങ്ങൾ വികസന പ്രവർത്തനങ്ങളെ തടയിടാനാണന്ന് യു.ഡി.എഫ് ഭരണസമിതി ആരോപിച്ചു. കുടുബശ്രീയിൽ അഴിമതി നടന്നു എങ്കിൽ സമരം ചെയ്യേണ്ടത് കുടുംബശ്രീ ചെയർപേഴ്‌സനെതിരെയാവണം. ആര് അഴിമതി കാട്ടിയാലും കർശന നടപടി വേണമെന്നാണ് ഭരണസമിതി തീരുമാനം. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ താഴ്ത്തികെട്ടാനുള്ള ശ്രമത്തെ ചെറുക്കും. സ്വരാജ് ട്രോഫിഉൾപ്പെടെ തുടർച്ചയായി ഏഴ് അവാർഡുകൾ നേടിയ തുമ്പമൺ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്താണ്. കുടുംബശ്രീയിലൂടെ സ്ത്രീ ഉന്നമനമാണ് ലക്ഷ്യം. പഞ്ചായത്തിലെ ഐശ്വര്യ കുടുബശ്രീയിൽ ഉയർന്ന പരാതി മുഖ്യമന്ത്രിയ്ക്ക് പരാതിയായി ലഭിക്കുകയും ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അന്വേഷിച്ചിരുന്നതാണ്. അവ പരിഹരിക്കപ്പെട്ടതായിട്ടാണ് അറിയുന്നത്. ഇതിനിടെ വിജിലൻസ് നടത്തിയ പരിശോധനയിൽ പഞ്ചായത്ത് എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻപിലുള്ള പരാതി പരിഹരിച്ചിട്ടും പിന്നിട് വിജിലൻസ് അന്വേഷണം തുമ്പ മണ്ണിലെ കുടുബശ്രീ സംവിധാനം അഴിമതിയാണന്ന് കാണിക്കുവാനാണ് ശ്രമം. വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള പുറപ്പാടാണ് സി.പി.എം നടത്തുന്നത്. ഇത് ജനം തള്ളി കളയുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, വൈസ് പ്രസിഡന്റ് തോമസ് ടി.വർഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രാജേഷ് കുമാർ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ അനിത മധു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.