gold-plated-door

പത്തനംതിട്ട/തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വർണം പൂശിയ കട്ടിളപ്പാളികളും ചെമ്പെന്ന് രേഖപ്പെടുത്തി കടത്തി. ഇതോടെ,​ അയ്യപ്പന് ഭക്തർ സമർപ്പിച്ച സ്വർണമുൾപ്പെടെ കോടികളുടെ കാണിക്ക വേറെയും കൊള്ളയടിക്കപ്പെട്ടെന്ന സംശയം ബലപ്പെട്ടു.

2019 മാർച്ച് 11നുശേഷം തയ്യാറാക്കിയ ദേവസ്വം മഹസറിൽ കട്ടിളപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം വീണ്ടും സ്വർണം പൂശാൻ കൊടുത്തയച്ചത്.

സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് ഇന്നലെ സസ്‌പെൻഡ് ചെയ്ത ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരിബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വർണം പൂശിയ ദ്വാരപാലക ശില്പപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയതിനാണ് ഇപ്പോൾ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറായ ഇയാളെ സസ്പെൻഡ് ചെയ്തത്.

ശ്രീകോവിലിന്റെ വാതിലുകൾക്ക് കേടുപാടുണ്ടായതിനെ തുടർന്ന് പുതിയവ നിർമ്മിച്ചു നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. 2019 മാർച്ച് 11ന് പുതിയവ പിടിപ്പിച്ചതോടെ കട്ടിളപ്പടികളിലെ പാളികൾക്ക് വാതിലിനെ അപേക്ഷിച്ച് തിളക്കം കുറവായി. തുടർന്ന് ഇവയും സ്വർണം പൂശാൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോകാൻ പോറ്റിയെ ബോർഡ് ചുമതലപ്പെടുത്തിയെന്നാണ് മുരാരി ബാബുവിന്റെ വെളിപ്പെടുത്തൽ.

മഹസറിൽ ചെമ്പെന്ന് രേഖപ്പെടുത്തിയാണ് ഇവ കൈമാറിയത്. ഇങ്ങനെ രേഖപ്പെടുത്തിയത് സ്വർണം പൂശിയ കട്ടിളപ്പാളികൾ അപ്പാടെ മുക്കാനാണോ എന്നാണ് സംശയം.

കൊണ്ടുപോയ കട്ടിളപ്പാളികൾ അപ്രത്യക്ഷം

1. തങ്ങൾ നിർമ്മിച്ചതല്ലാത്ത വസ്തുക്കളിൽ അറ്റകുറ്റപ്പണി നടത്തുകയോ സ്വർണം പൂശുകയോ ചെയ്യില്ലെന്നാണ് സ്മാർട്ട് ക്രിയേഷൻസ് പറയുന്നത്. അങ്ങനെയെങ്കിൽ കൊണ്ടുപോയ കട്ടിളപ്പാളികൾ എന്തുചെയ്തു എന്നാണ് അറിയേണ്ടത്

2. ഉത്തരം പറയേണ്ടത് ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ബോർഡുമാണ്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം ഇതും അന്വേഷിച്ചേക്കും

മുരാരി ബാബുവിന്റെ ഇടപെടൽ രണ്ടു തവണ

സ്വർണം പൂശിയ ദ്വാരപാലക ശില്പങ്ങൾ ചെമ്പ് തകിട് എന്ന് രേഖപ്പെടുത്തിയതിനാണ് മുരാരി ബാബുവിനെതിരെ നടപടി. 2019ൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കുന്ന സമയത്ത് അവ ചെമ്പുപാളി എന്നെഴുതിയെന്ന് ദേവസ്വം വിജിലൻസും കണ്ടെത്തിയിരുന്നു. പിന്നീട് ശബരിമല എക്സിക്യൂട്ടിവ് ഓഫീസറായിരിക്കെ 2025ൽ വീണ്ടും സ്വ‌ർണം പൂശാൻ പാളികൾ പോറ്റിക്ക് നൽകാൻ ഇദ്ദേഹം ആവശ്യപ്പെട്ടെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.

'ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ ക്രമക്കേടിന് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ഉദ്യോഗസ്ഥ‌ർക്കെതിരെയും കർശന നടപടി സ്വീകരിക്കും".

-പി.എസ്.പ്രശാന്ത്, പ്രസിഡന്റ്

തിരു. ദേവസ്വം ബോർഡ്