
പത്തനംതിട്ട: സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഗൂഢാലോചന നടത്തി ആസൂത്രിതമായി ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് നടന്ന മാർച്ചിൽ പങ്കെടുത്തവരെ ലാത്തിച്ചാർജ് ചെയ്ത സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പ്രതിഷേധിച്ചു.
ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണവും, പണവും കൊള്ള നടത്തിയവരെ കണ്ടെത്തി അറസ്റ്റുചെയ്ത് നിയമനടപടി സ്വീകരിക്കാത്ത സർക്കാർ, പ്രതിഷേധിക്കുന്നവരെ ചോരയിൽ മുക്കി കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞദിവസം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ ഉദ്ഘാടന ചടങ്ങിൽ കെ.എസ്.യു നേതാക്കളെ ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കാതെ കെ.എസ്.യു നേതാവിനെതിരെ സി.പി.എം നേതാക്കളുടെ നിർദ്ദേശപ്രകാരം വധശ്രമത്തിന് കേസെടുത്തു. പൊലീസിന്റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും സ്വർണക്കൊള്ളയ്ക്കും, തട്ടിപ്പിനും, കപട വിശ്വാസത്തിനുമെതിരെ നാളെ വൈകിട്ട് 4 ന് കോൺഗ്രസ് വിശ്വാസ സംഗമം നടത്തും.