
പത്തനംതിട്ട; ശബരിമല ദ്വാരപാലക ശില്പങ്ങളിൽ സ്വർണമാണ് പൊതിഞ്ഞിരുന്നതെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശില്പപാളികൾ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചില്ലെന്നും തന്ത്രി വെളിപ്പെടുത്തി. ഇതോടെ തന്ത്രിയെ ചാരി നടപടികളെ ന്യായീകരിക്കാൻ ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും നടത്തിയ നീക്കം പൊളിഞ്ഞു.
ചെമ്പുപാളികളായി ഒന്നുംതന്നെ സന്നിധാനത്തില്ലെന്ന് തന്ത്രി പറഞ്ഞു. 2019ലും 2025ലും അറ്റകുറ്റപ്പണി നടത്തുന്നതിന് അനുമതി തേടിയിരുന്നു. ശില്പങ്ങളുടെ ചില ഭാഗങ്ങളിൽ നിറം മങ്ങുകയും ചുളുങ്ങുകയും ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത്.
പഴയ കൊടിമരത്തിന് മുകളിലെ വാജിവാഹന വിഗ്രഹം തന്റെ കൈവശമുണ്ട്. അന്നത്തെ അഡ്വ.കമ്മിഷൻ എ.എസ്.പി കുറുപ്പ്, പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ഇത് നൽകിയത്. പുതിയ കൊടിമരം സ്ഥാപിക്കുന്നതോടെ പഴയ കൊടിമരത്തിലെ വാജിവാഹനം മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ല. ഇത് കൈവശം വയ്ക്കാനുള്ള അവകാശം തനിക്കുണ്ട്. താൻ ക്ഷണിച്ചിട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റി മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. കീഴ്ശാന്തിയുടെ റൂമിൽ ജോലിക്കെത്തിയ കാലം മുതൽ ഉണ്ണികൃഷ്ണനെ പരിചയമുണ്ട്. സന്നിധാനത്ത് എത്തുമ്പോഴൊക്കെ തന്നെ വന്നുകാണാറുണ്ട്. ഇയാൾ നടത്തുന്ന മറ്റ് പ്രവൃത്തികളെക്കുറിച്ച് അറിവില്ല. ഭക്തർക്കിടയിൽ വേദനയുണ്ടാക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. എല്ലാം കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന അന്വേഷണത്തിൽ പുറത്തുവരട്ടെയെന്ന് തന്ത്രി പറഞ്ഞു.
രേഖയുണ്ട്, പരസ്യമായി
പറയില്ല: പ്രസിഡന്റ്
തന്ത്രിയുടെ പ്രതികരണം പുറത്തുവന്നതോടെ, എല്ലാ രേഖകളും കൈവശമുണ്ടെന്നും
അതൊന്നും പരസ്യമായി പറയാനുള്ളതല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് നിലപാടെടുത്തു.
തന്ത്രിമാരും ദേവസ്വം ബോർഡും തമ്മിൽ നല്ല ബന്ധമാണ്. തന്ത്രിമാരെ വിവാദങ്ങളിലേക്ക് വഴിച്ചിഴയ്ക്കാനില്ല. തന്ത്രി പരസ്യമായി പറയുന്നതുപോലെ താൻ പരസ്യമായി പറയില്ല.
പറയേണ്ടതെല്ലാം പുതിയ അന്വേഷണ സമിതിയ്ക്ക് മുൻപിൽ പറയുമെന്നും പ്രശാന്ത് വ്യക്തമാക്കി.
ഈ വർഷം കൊണ്ടുപോയതിന് തന്ത്രി മഹേഷ് മോഹനരിൽ നിന്ന് എഴുതി വാങ്ങിയതാണ് ബോർഡ് ആയുധമാക്കുന്നതെന്ന് സൂചന.
എക്സിക്യൂട്ടീവ് ഓഫീസർ അനുമതി ചോദിച്ചതനുസരിച്ച് ആഗസ്റ്റ് 31ന് തന്ത്രി മഹേഷ് മോഹനരര് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാമെന്ന് എഴുതി നൽകി. കോടതിയുടെ അനുമതിയുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ തന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം.