bvv
നവീകരണം നടക്കാതെ നശിച്ചു കിടക്കുന്ന പഞ്ചായത്ത്‌ സ്റ്റേഡിയം

ഇളമണ്ണൂർ : കായിക രംഗത്ത് ഏനാദിമംഗലത്തിന്റെ മുഖശ്രീയായി മാറേണ്ടിയിരുന്ന ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം അധികൃതരുടെ അവഗണനയിൽ നശിക്കുന്നു. കായിക താരങ്ങളെ വാർത്തെടുക്കാൻ പാകത്തിൽ സ്റ്റേഡിയം നിലവാരമുള്ളതാക്കാൻ ഇനിയും പഞ്ചായത്ത്‌ അധികൃതർക്ക്‌ സാധിച്ചിട്ടില്ല. സ്റ്റേഡിയത്തിലാകെ പുല്ല് വളർന്നു നിൽക്കുകയാണ്. ഈ സ്റ്റേഡിയത്തോട് ചേർന്നുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം ഇപ്പോൾ പഞ്ചായത്തിലെ എം.സി.എഫ് മാലിന്യങ്ങൾ തത്കാലികമായി സൂക്ഷിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത്‌ ദുർഗന്ധം കൊണ്ട് നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ബഡ്ജറ്റിൽ ഈ സ്റ്റേഡിയത്തിന്റെ നവീകരണത്തിന് സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഇതുവരെ നവീകരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സ്റ്റേഡിയം മതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ചത് മാത്രമാണ് ഇത് വരെ ഇവിടെ നടന്ന നവീകരണ പ്രവർത്തനം. സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തോട് ചേർന്നു ഇനിയും പ്രവർത്തന സജ്ജമാകാത്ത വഴിയിടം ശുചിമുറി കെട്ടിടവും സ്ഥാപിച്ചിട്ടുണ്ട്. ഒരു ഗ്രൗണ്ട് ഉള്ളതൊഴിച്ച് അടിസ്ഥാന സൗകര്യവും പഞ്ചായത്ത്‌ സ്റ്റേഡിയത്തിലില്ല. ബാഡ്മിന്റൺ കോർട്ടോ ക്രിക്കറ്റ്‌ പിച്ചോ പോലും ഇവിടെ സ്ഥാപിക്കാൻ അധികൃതർക്ക്‌ സാധിച്ചിട്ടില്ല. കഴിഞ്ഞ പ്രളയകാലത്ത് സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്ത് മതിൽ തകർന്നു വീണിരുന്നു. അത് പുനർനിർമ്മിക്കാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സ്റ്റേഡിയം നവീകരണവും ഒരു പ്രധാന വികസന വിഷയമായി മാറുകയാണ്. എം.എൽ.എ ഫണ്ടിൽ നിന്നും വകയിരുത്തിയ തുകയിൽ പൊലിഞ്ഞു പോയ കായിക സ്വപ്‌നങ്ങൾ വീണ്ടും കാണുകയാണ് ഏനാദിമംഗലത്തെ പൊതുജനങ്ങളും കായിക പ്രേമികൾ.

................................................................

കേരളോത്സവം പോലും നടത്തുവാൻ സ്കൂൾ മൈതാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നിലവിലുള്ളത് സംസ്ഥാന വകയിരുത്തിയ ഉപയോഗിച്ച് നവീകരണം നടത്തിയാൽ. നാടിന്റെ കായിക ചരിത്രം തന്നെ മാറും.

ആർ.സതീഷ് കുമാർ

( ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അംഗം)​