തിരുവല്ല : മൂന്നു പതിറ്റാണ്ടായി നാശോന്മുഖമായി കിടന്നിരുന്ന ഉത്രമേൽ ക്ഷേത്രക്കുളം കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള മഹാവിഷ്ണുക്ഷേത്രത്തിലെ വിസ്തൃതിയേറിയ കുളം 43.8 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ഉത്രമേൽ എൻ.എസ്എസ്. കരയോഗത്തിന്റെ ഭഗവതി ക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. രണ്ടു ക്ഷേത്രങ്ങളിലെയും ആറാട്ടുകൾ ഉൾപ്പെടെ നടന്നിരുന്നത് ഇവിടെയാണ്. ആലംതുരുത്തി ഭഗവതിയുടെ ആറാട്ട് നടക്കുന്നതും ഈ ക്ഷേത്രക്കുളത്തിലാണ്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ കുളം പ്രദേശത്തെ ജലസ്രോതസുകളെയും നിയന്ത്രിച്ചിരുന്നു. എന്നാൽ കാലാന്തരത്തിൽ സംരക്ഷണമില്ലാതെ കുളം പോളയും പായലും തിങ്ങിനിറഞ്ഞു വൃത്തിഹീനമായി. മരങ്ങളും കുറ്റിച്ചെടികളും വളർന്നതോടെ കുളം തിരിച്ചറിയാൻ പോലും സാധിക്കാതെയായി. സാമൂഹ്യവിരുദ്ധരും ഇവിടെ താവളമാക്കി. അഞ്ച് വർഷങ്ങൾക്കു മുമ്പ് കുളം പുനരുദ്ധരിക്കുമെന്ന് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് അമൃത് പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കിയത്.
ക്ഷേത്രക്കുളം ശുചീകരിച്ചു
മാലിന്യങ്ങൾ നീക്കം ചെയ്ത് ആഴംകൂട്ടി കുളം ശുചിയാക്കി. ഈ ക്ഷേത്രക്കുളത്തിനുള്ളിൽ മറ്റൊരു കുളത്തിന്റെ കൽപ്പടവുകളും കാണാം. നാലുവശവും കൽക്കെട്ടുകളും പടിഞ്ഞാറ് ഭാഗത്ത് സ്റ്റീൽ കൈവരികളും സ്ഥാപിച്ചു. നടപ്പാതയിൽ ഇന്റർലോക്കും ചെയ്തു സുന്ദരമാക്കി. പുനരുദ്ധരിച്ചതോടെ കുളം പഴയപ്രതാപം വീണ്ടെടുത്തു. വൈകുന്നേരങ്ങളിൽ വിശ്രമിക്കുവാൻ ഇരിപ്പിടങ്ങളും ഉൾപ്പെടെ തയാറായി ക്കഴിഞ്ഞു. സമീപവീടുകളിലെ കിണറുകളിലും ശുദ്ധമായ ജലം വന്നുതുടങ്ങി.
....................................
ഉത്രമേൽ ക്ഷേത്രക്കുളത്തിന്റെ ബാക്കി ഭാഗങ്ങളിൽകൂടി കൈവരികൾ സ്ഥാപിക്കുവാനും നടപ്പാതകളിൽ ഇന്റർലോക്ക് പാകുന്നതിനും അകത്തെ കുളത്തിന്റെ കെട്ടുകൾ പൂർത്തീകരിക്കാനും അടുത്ത പ്രോജക്ടിൽ തുക വകയിരുത്തും
ശ്രീനിവാസ് പുറയാറ്റ്
(വാർഡ് കൗൺസിലർ)
..................
ചെലവ് 48 ലക്ഷം