vbbb
മുറിയ്ക്കുള്ളിൽ ചത്ത നായയുടെ അവശിഷ്ടങ്ങൾ ദുർഗന്ധം വമിപ്പിച്ചു കിടക്കുന്ന നിലയിൽ

അടൂർ : തുവയൂർ തെക്ക് ഗാന്ധിസ്മാരക സേവാകേന്ദ്രം കാടു കയറി വിസ്മൃതിയിലേക്ക്. 1956ൽ സ്വാതന്ത്ര്യ സമര സേനാനി ഇ.നാരായണപ്പിള്ളയുടെ നേതൃത്വത്തിൽ നാട്ടുകാർ ഭൂദാനം പ്രകാരം കൈമാറിയ രണ്ടേക്കർ സ്ഥലത്ത് ആരംഭിച്ചതാണ് ഗാന്ധിസ്മാരക സേവാകേന്ദ്രം. മൂന്ന് പേരിൽ നിന്നും ആരംഭിച്ച ഗ്രാമസേവാ കേന്ദ്രം ഒരു കാലത്ത് വിവിധ മേഖലകളിലായി 5500 തൊഴിലാളികൾ ജോലി സ്ഥാപനമായി വളർന്നു. ഖാദി വസ്ത്രാലയം, ഗ്രന്ഥാലയം, വായനശാല, എണ്ണയാട്ട്, സോപ്പ് നിർമ്മാണം, തേൻ ശേഖരണം ,നെല്ലുകുത്ത് ,ചെരുപ്പ് നിർമ്മാണം, കളിമൺ പാത്ര നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ കേന്ദ്രത്തിൽ നടന്നിരുന്നത്. ഗാന്ധിസ്മാരക സേവാകേന്ദ്രത്തിന്റെ അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്. വർഷങ്ങൾക്കിപ്പുറം അടിമുടി കാടുമൂടുകയും ചിതലരിക്കുകയും ചെയ്ത നിലയിലാണ് കേന്ദ്രം. ഓടിട്ട മേൽക്കൂരയിൽ പലഭാഗങ്ങളും നിലംപൊത്താറായി. ഇവിടെയുണ്ടായിരുന്ന ഗ്രന്ഥശേഖരത്തിലെ പുസ്തകങ്ങൾ പലതും ചിതലരിച്ചു.പല ഉപകരണങ്ങളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. മിക്ക മുറികളിലും ചർക്കകളൊക്കെ തകർന്ന നിലയിലാണ്. വസ്ത്രനിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന തറികളും നശിച്ചു. പ്രവേശിക്കുമ്പോഴുള്ള ചിലമുറികളിൽ നായ്ക്കളുടെ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ കിടപ്പുണ്ട്.

അവഗണനയെന്ന് നാട്ടുകാർ

രാഷ്ട്രപിതാവിന്റെ പേരിൽ ഇത്രയും പഴക്കവും പാരമ്പര്യവുമുള്ള സ്ഥാപനത്തിന്റെ നവീകരണത്തിനോ പ്രവർത്തനത്തിനോ യാതൊരു പരിഗണനയും പ്രാദേശിക ഭരണകൂടം നല്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജനശക്തി നഗറിനോട് കാണിക്കുന്ന അതെ അവഗണന തന്നെയാണ് ഈ കേന്ദ്രത്തോടും അധികൃതർ കാണിക്കുന്നതെന്നാണ് നാട്ടുകാരുടെ പരിഭവം.

.........................................

ഇഴജന്തു ശല്യം രൂക്ഷമാണ്. ഒരുപാട് പേർക്ക് തൊഴിലുകൾ നല്കാൻ കഴിയുന്ന ജനകീയ സംരംഭങ്ങൾക്ക് ഈ കേന്ദ്രം ഉപയോഗിക്കാൻ കഴിയുമെങ്കിലും അധികൃതർ കെട്ടിടത്തെ പാടെ അവഗണിക്കുകയാണ്.

(പ്രദേശവാസികൾ)