project
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് വൈക്കോൽ വിതരണം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ നിർവ്വഹിക്കുന്നു

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് വൈക്കോൽ, പോഷകസമൃദ്ധമായ തീറ്റ എന്നിവ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ നിർവഹിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ടി.അദ്ധ്യക്ഷത വഹിച്ചു. ക്ഷീര കർഷകരെ സഹായിക്കാനും സുരക്ഷിത പാലുല്പാദനം സാധ്യമാക്കാനുമായി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ക്ഷീരകർഷകർക്ക് പാലുല്പാദന ചെലവ് ഗണ്യമായി കുറയ്ക്കാനായി വൈക്കോൽ കിലോഗ്രാമിന് 4 രൂപ, സൈലേജ് കിലോഗ്രാമിന് 3 രൂപ എന്നീ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. മേഖലയുടെ സമഗ്ര വികസനം ലാക്കാക്കി മിനി ഡയറി ഫാം ആധുനികവത്കരണം, പാലിന് സബ്സിഡി എന്നീ പദ്ധതികളും നടപ്പാക്കി വരുന്നു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ ഏബ്രഹാം, ബ്ലോക്ക് അംഗങ്ങളായ അഡ്വ.വിജി നൈനാൻ, വിശാഖ് വെൺപാല, ക്ഷീരവികസന ഓഫീസർ പ്രിയ വി എന്നിവർ സംസാരിച്ചു.