പെരിങ്ങനാട് : കെ.പി റോഡിൽ നിന്നും സമീപത്തുള്ള റബർ തോട്ടത്തിലേക്കും ജനവാസ മേഖലകളിലേക്കുംസാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. കെ.പി റോഡിൽ പതിനാലാം മൈൽ ജംഗ്ഷന് പടിഞ്ഞാറ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിന് എതിർവശത്തായി ജനവാസ മേഖലകളിലേക്കും ടാപ്പിംഗ് നടക്കുന്ന റബർ തോട്ടത്തിലേക്കുമാണ് കക്കൂസ് മാലിന്യം ടാങ്കറിൽ കൊണ്ട് വന്നു തള്ളുന്നത്. റബർ തോട്ടത്തിൽ നിറയുന്ന കക്കൂസ് മാലിന്യം മഴ പെയ്താൽ ഒഴുകി സമീപത്തുള്ള തോട്ടിൽ എത്തുന്നതായും പരാതിയുണ്ട്. ഇതുകാരണം അമ്പാടി ജംഗ്ഷൻ ,തെങ്ങുംതാര വരെയുള്ള കുടിവെള്ള സ്രോതസുകളെയും മലിനപ്പെടുന്നുണ്ട്. രാത്രി 9ന് ശേഷം പൊതുവേ വിജനമായ ഈ പ്രദേശത്ത് സംശയകരമായ രീതിയിൽ വാഹനങ്ങൾ നിറുത്തിയിരിക്കുന്നതും ലഹരി വസ്തുക്കളുടെ കൈമാറ്റം നടക്കുന്നതായും ലഹരി സംഘങ്ങൾ തമ്മിൽ പ്രശ്നങ്ങളും ഉണ്ടാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു.ഹോട്ടൽ, ബേക്കറി, ആശുപത്രി മാലിന്യങ്ങൾ തുടങ്ങിയവും ഈ പ്രദേശങ്ങളിൽ തള്ളുന്നുണ്ട്. പൊലീസ് പെട്രോളിംഗ് ശക്തമാക്കുകയും ,നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്ത് ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
..........................
"ഈ പ്രദേശത്തു കക്കൂസ് മാലിന്യം തള്ളുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ടാപ്പിംഗ് നടക്കുന്ന തോട്ടത്തിൽ അതീവ ഗുരുതര പരിസ്ഥിതി പ്രശ്നമാണ് നേരിടുന്നത്. പരാതി പ്പെട്ടിട്ടും ഈ വിഷയത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെടുന്നില്ല. ക്യാമറ നിരീക്ഷണം ഏർപ്പെടുത്താതെ ശാശ്വത പരിഹാരം കാണാൻ കഴിയില്ല. വഴി വിളക്കിന്റെ അഭാവവും ഇവിടെയുണ്ട്'
എ.വി അനു
(കേരളകൗമുദി
അമ്പാടി ജംഗ്ഷൻ ഏജന്റ്)