തിരുവല്ല : ചങ്ങല വലിച്ചതിനെ തുടർന്ന് കന്യാകുമാരി - ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസ്സ് അരമണിക്കൂർ നിറുത്തിയിട്ടു. ചെങ്ങന്നൂരിനും തിരുവല്ലയ്ക്കും ഇടയിൽ മണിമല പാലത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.45നായിരുന്നു സംഭവം. യാത്രക്കാർ കുറവായിരുന്ന എ.സി കമ്പാർട്ട്മെന്റിലെ ചങ്ങലയാണ് ആരോ വലിച്ചത്. ഈ സമയം കുറെ യാത്രക്കാർ ഉറക്കത്തിലായിരുന്നു.
ലോക്കോ പൈലറ്റ് കമ്പാർട്ട്മെന്റിലെത്തി പരിശോധിച്ചെങ്കിലും ആരാണ് ചങ്ങല വലിച്ചതെന്ന് കണ്ടെത്താൻ സാധിച്ചില്ല.
മണിമല പാലം ആയതിനാൽ ഇറങ്ങാനുള്ളവർ അല്ല ചങ്ങല വലിച്ചതെന്നും പറയുന്നു. ഉറക്കത്തിൽ ഉള്ള ആരെങ്കിലും അറിയാതെ ചങ്ങല വലിച്ചതാണോ എന്നും സംശയിക്കുന്നു. പരിശോധനയ്ക്ക് ശേഷം ട്രെയിൻ വീണ്ടും യാത്ര തുടർന്നു.