ചെങ്ങന്നൂർ: ശബരിമല സീസണിൽ തീർത്ഥാടകർക്കായി തുറക്കുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ പൊലീസ് എയ്ഡ് പോസ്റ്റും പ്രീപേയ്ഡ് ഓട്ടോ-ടാക്സി കൗണ്ടറും വർഷം മുഴുവനും 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കണമെന്ന ആവശ്യം യാത്രക്കാർക്കിടയിൽ ശക്തമാകുന്നു. ശബരിമല സീസൺ അവസാനിക്കുന്നതോടെ ഈ സുപ്രധാന സംവിധാനങ്ങളെല്ലാം നിശ്ചലമാവുകയും യാത്രക്കാർ പ്രതിസന്ധിയിലാകുകയുമാണ്. സീസൺ അല്ലാത്ത സമയങ്ങളിൽ ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ സഹകരണമില്ലായ്മയാണ്. പ്രത്യേകിച്ചും സ്റ്റേഷനിൽ നിന്നും അടുത്തുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിന് ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷകളും ടാക്സികളും വരാറില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ശബരിമല സീസണിൽ സുഗമമായി പ്രവർത്തിക്കുന്ന പ്രീപേയ്ഡ് കൗണ്ടർ സീസൺ കഴിഞ്ഞാൽ നോക്കുകുത്തിയാവുന്നതോടെ, ഡ്രൈവർമാർക്ക് തോന്നിയ പോലെ നിരക്ക് ഈടാക്കാനും ഹ്രസ്വദൂര ഓട്ടം നിരസിക്കാനുമുള്ള സാഹചര്യമാണ്. ഹ്രസ്വദൂര ഓട്ടം നിരസിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും, യാത്രക്കാർ പരാതി നൽകാൻ മടിക്കുന്നതാണ് ഈ നിയമലംഘനങ്ങൾ തുടരാൻ കാരണം. ഭൂരിഭാഗം യാത്രക്കാരും സമയനഷ്ടം ഒഴിവാക്കാൻ മറ്റു മാർഗങ്ങൾ തേടി ലക്ഷ്യസ്ഥാനത്തേക്ക് പോകുകയാണ് പതിവ്. പരാതി നൽകിയിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടാകാറില്ല. വെറുതേ സമയം കളയുന്നതാണ് മിച്ചമെന്നാണ് യാത്രക്കാരുടെ പ്രതീകരണം.
.....................................
വർഷം മുഴുവനും നിരവധി പേർ ആശ്രയിക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂർ. ശബരിമല സീസണിൽ നൽകുന്ന -യാത്രാ സുരക്ഷാ സൗകര്യങ്ങൾ എല്ലാ ദിവസവും ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. പൊലീസ് എയ്ഡ് പോസ്റ്റും പ്രീപെയ്ഡ് ടാക്സി കൗണ്ടറും വർഷം മുഴുവൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ സജ്ജമാക്കണം.
രഘു കലയപുരം
(സ്ഥിരംയാത്രക്കാരൻ)