nilakkal

പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനം തുടങ്ങാൻ കഷ്ടിച്ച് ഒരു മാസം. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട സർക്കാരും ദേവസ്വം ബോർഡും സ്വർണ്ണപ്പാളി വിവാദങ്ങളിൽ കുടുങ്ങിയതിനാൽ, ഇത്തവണ ശബരിമല അവലോകന യോഗം ചേർന്നില്ല. മുൻ വർഷങ്ങളിൽ ഒരു മാസം മുൻപേ വകുപ്പ്തല പ്രവർത്തനങ്ങൾ വിലയിരുത്തുമായിരുന്നു.

രാഷ്ട്രപതി ദ്രൗപതി മുർമു 22ന് തുലാമാസ പൂജയ്ക്ക് ദർശനം നടത്തുന്നതിനാൽ, നിലയ്ക്കലിലെയും പമ്പയിലെയും റോഡുകളുടെ അറ്റകുറ്റപ്പണികൾ നടന്നു. പമ്പയിൽ നിന്ന് രാഷ്ട്രപതി സന്നിധാനത്തേക്കു പോകുന്ന വഴിയിലെ മരച്ചില്ലകൾ നീക്കം ചെയ്യുന്ന ജോലികളും ഗസ്റ്റ് ഹൗസുകളുടെ പെയിന്റിംഗും നടക്കുന്നു. ഭക്തർക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടികൾ വൈകുന്നു.കുടിവെള്ള വിതരണം, വിരിപ്പുരകളുടെയും ടോയ്ലറ്റുകളുടെയും നവീകരണം, പാർക്കിംഗ് ഗ്രൗണ്ട് നന്നാക്കൽ തുടങ്ങിയവയാണ് തപ്രധാന മുന്നൊരുക്കങ്ങൾ.2016ൽ നിർമ്മാണം തുടങ്ങിയ വാട്ടർ അതോറിറ്റിയുടെ പദ്ധതിയുടെ 65ശതമാനമാണ് പിന്നിട്ടത്. മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതി ഒൻപതാം വർഷത്തിലേക്ക് കടന്നു.

നിർമ്മാണച്ചെലവ് 130 കോടി

സീതത്തോട്ടിൽ കക്കാട്ടാറിൽ നിന്ന് 26 കിലോമീറ്റർ പൈപ്പ് ലൈൻ വഴി നിലയ്ക്കലിൽ എത്തിക്കുന്നതാണ് പദ്ധതി. സീതത്തോട്, പ്ളാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കും പൈപ്പ്ലൈനിൽ നിന്നുള്ള വെള്ളം ഉപയോഗിക്കാം. 4500 കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടും. 20ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുള്ള മൂന്ന് വാട്ടർ ടാങ്കുകളിൽ ഒന്നിന്റെ നിർമ്മാണം പൂർത്തിയാക്കി. ഉദ്ഘാടനത്തിന് മന്ത്രിയുടെ തീയതി കാത്തിരിക്കുന്നു. നിലയ്ക്കലിൽ ഒരു ദിവസം 20ലക്ഷം ലിറ്റർ വെള്ളം ഉപയോഗിക്കുന്ന

നിലയ്ക്കലിൽ 4 വിരിപ്പുരകൾ പൂർത്തിയാകാതെ കിടക്കുന്നു. മൂന്ന് നിലകളിലുള്ള ഒരു കെട്ടിടത്തിൽ ഒരു സമയം 120 പേർക്ക് വിരിവയ്ക്കാം.

ക്വാർട്ടേഴ്സ് പണി നിലച്ചു

നിലയ്ക്കലിൽ പൊലീസുകാർക്കും കെ. എസ്.ആർ.ടി.സി ജീവനക്കാർക്കും താമസിക്കാനുള്ള ഏഴ് സ്ഥിരം ഡോർമെറ്ററി കെട്ടിടങ്ങളുടെ നിർമ്മാണച്ചെലവ് നൽകാത്തതിനാൽ കരാറുകാരൻ പണി നിർത്തിവച്ചു. ഇലക്ട്രിക്, പ്ളംബിംഗ് ജോലികൾ ബാക്കിയുണ്ട്. 12കോടയാണ് നിർമ്മാണച്ചെലവ്. ഏഴര കോടയുടെ ബില്ല് കൊടുത്തപ്പോൾ ഒന്നരക്കോടി മാത്രമാണ് അനുവദിച്ചത്.

ടോയ്ലറ്റുകൾ

നിലയ്ക്കലിലും പമ്പയിലും പൊതു ടോയ്ലറ്റുകളുടെ വാതിലുകളും ജലവിതരണ ടാപ്പുകളും നശിപ്പിച്ച നിലയിലാണ്.

 നിലയ്ക്കലിൽ- 1020

 പമ്പയിൽ- 410

 സന്നിധാനത്ത്- 1006

 പമ്പമുതൽ സന്നിധാനം വരെ ബയോടോയ്ലറ്റുകൾ

'' വിവാദങ്ങൾ മുന്നൊരുക്കങ്ങളെ ബാധിക്കില്ല. നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

-പി.എസ് പ്രശാന്ത്,

ബോർഡ് പ്രസിഡന്റ്