കോന്നി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു. അട്ടച്ചാക്കൽ കുമ്പളാം പൊയ്ക റോഡിലെ ചെങ്ങറ നാടുകാണി പായിക്കാട്ട് പടിയിൽ ഇന്നലെ വൈകിട്ട് 7നായിരുന്നു അപകടം. അട്ടചാക്കൽ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർ കിഴക്കേപറമ്പിൽ സജിയാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങറയിൽ ഓട്ടം വന്നശേഷം തിരികെ അട്ടചാക്കിലേക്ക് പോകുമ്പോൾ ഇറക്കത്തിൽ കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. കൈ ഒടിഞ്ഞ സജിയെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.