ഏഴംകുളം : സാമൂഹിക വിരുദ്ധർക്ക് മാലിന്യം നിക്ഷേപിക്കാൻ സൗകര്യമുള്ള റോഡ് ഏഴംകുളത്തുണ്ട്. ഏഴംകുളം ജംഗ്ഷനും പട്ടാഴി മൂക്കിനും ഇടയിൽ ഉടയാൻമുറ്റം ക്ഷേത്രം റോഡിന് എതിർ വശത്തുകൂടി ഏഴംകുളം വില്ലേജ് ഓഫീസ് ഭാഗത്തേക്കുള്ള കനാൽ റോഡിനാണ് ഈ ദുർഗതി. റോഡിലാകെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിലാണ്. രാത്രികാലങ്ങളിൽ മറ്റും ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ വന്നു ഇവിടെ മാലിന്യം നിക്ഷേപിച്ചു പോകുന്നതായി പരാതിയുണ്ട്. ഇരു വശത്തും കാടു കയറി മൂടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി റോഡ് മാറി. റോഡിൽ നിറയെ കുണ്ടും കുഴിയും ഗർത്തങ്ങളും മാത്രമാണുള്ളത്. തുടർച്ചയായി മഴ പെയ്താൽ റോഡ് തിരിച്ചറിയാത്ത അവസ്ഥയാണ്. മുൻപ് വഴി യാത്രക്കാരും വാഹന യാത്രികരും ഏഴംകുളം ടൗൺ ചുറ്റാതെ സഞ്ചരിച്ചിരുന്ന റോഡ് കൂടിയാണിത്. കെ.പി റോഡിൽ പട്ടാഴിമുക്ക്, തൊടുവക്കാട്, നെടുമൺ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്ക് ഏഴംകുളം ജംഗ്ഷനിലെ ഗതാഗത കുരുക്കിൽപ്പെടാതെ വില്ലേജ് ഓഫീസിലെത്താനും ഏഴംകുളം - കടമ്പനാട് മിനി ഹൈവേയിൽ പ്രവേശിക്കാനും വളരെ എളുപ്പമുള്ള ഈ റോഡ് ഇപ്പോൾ ഗതാഗതയോഗ്യമല്ലാതായതിന്റെ പ്രതിഷേധം പ്രദേശവാസികൾക്കുമുണ്ട്. ഗ്രാമപഞ്ചായത്തോ കെ.ഐ.പി യോ എം.എൽ.എയോ ആരെങ്കിലും മുൻ കൈയെടുത്ത് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വിജനമായ റോഡിൽ സാമൂഹിക വിരുദ്ധശല്യം രൂക്ഷമാണ്. മദ്യപ സംഘങ്ങൾ ഇവിടെ സ്ഥിരം തമ്പടിക്കുന്നുണ്ട്. രൂക്ഷ ദുർഗന്ധം സമീപ വാസികളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. അടിയന്തരമായി മാലിന്യ നിക്ഷേപം തടയാൻ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
...................................
"മാലിന്യ നിക്ഷേപം അനുദിനം വർദ്ധിക്കുകയാണ്.പ്രദേശത്തു നിരീക്ഷണ ക്യാമറ സ്ഥാപിക്കണം. സാമൂഹിക വിരുദ്ധശല്യം പരിഹരിക്കാൻ അധികൃതർ ഇടപെടണം. റോഡ് സഞ്ചാരയോഗ്യമാക്കണം.
സഞ്ജീവ് വി
സുലോനിലയം, ഏഴംകുളം
( പ്രദേശവാസി )